ഹൂസ്റ്റൺ : ഹൂസ്റ്റനിലെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയിൽ കോവിഡ് വ്യാപകമാകുകയും പല ആശുപത്രികളിലേയും എമർജൻസി റൂമുകൾ മുഴുവൻ കോവിഡ് രോഗികളെ കൊണ്ടു നിറയുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലർട്ടിൽ നിന്നും റെഡ് അലർട്ടായി ഉയർത്തിയെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡൽഗാ ഓഗസ്റ്റ് 5 വ്യാഴാഴ്ച വൈകീട്ട് അറിയിച്ചു. ഇന്നലെ ഡാലസ് കൗണ്ടിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

വാക്‌സിനേറ്റ് ചെയ്യാത്തവർ വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജഡ്ജി നിർദേശിച്ചു.ഹൂസ്റ്റൻ മേയർ സിൽവസ്റ്റർ ടർണറും ലോക്കൽ ഹെൽത്ത് എക്‌സ്‌പെർട്ടസും ഹൂസ്റ്റൺ സിറ്റി ചീഫ് മെഡിക്കൽ ഓഫീസറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഹൂസ്റ്റൺ മെത്തഡിസ്റ്റ് ഹോസ്പിറ്റലിൽ എമർജൻസി റൂമുകൾ കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരിക്കയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ലോക്കൽ എമർജൻസി സെന്ററുകളുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

കോവിഡിന്റെ പുതിയ വ്യാപനം ഒരു കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുവാൻ എല്ലാവരും തയാറാകണം. വാക്‌സിനേഷൻ റേറ്റ് അൽപം വർധിച്ചിട്ടുണ്ടെന്നും, വാക്‌സിനേറ്റ് ചെയ്യാത്തവർ ഉടനെ ചെയ്യണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു.