ഫ്രാൻസിനു പിന്നാലെ രാജ്യവ്യാപകമായി ഹെൽത്ത് പാസ് ഏർപ്പെടുത്താൻ ജർമ്മനിയും. സെപ്റ്റംറോടെ റെസ്‌റററന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും കടകളിൽ പോകുന്നതിനും വലിയ പതു പരിപാടികളിൽ പങ്കെടുക്കുന്നതിനുമെല്ലാം ഇതു ബാധകമാക്കാനാണ് ആലോചന.

കോവിഡ് വാക്‌സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ്, സമീപകാലത്ത് കോവിഡ് വന്നു മാറിയതിന്റെ സർട്ടിഫിക്കറ്റ്, അതല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്കു മാത്രം നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന രീതിക്കാണ് ഹെൽത്ത് പാസ് എന്നു പറയുന്നത്.

ജർമനിയിൽ ഇപ്പോൾ തന്നെ സമാനമായൊരു സമ്പ്രദായം നിലവിലുണ്ടെങ്കിലും, മേഖലാടിസ്ഥാനത്തിൽ ഇതു പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത് പല തരത്തിലാണ്. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രമാണ് കർക്കശ നിയന്ത്രണം നിലവിലുള്ളത്.

ഇതിനു പകരം, രാജ്യവ്യാപകമായി ഏകീകൃത രീതിയിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹെൽത്ത് പാസ് സമ്പ്രദായം പരിഗണിക്കുന്നത്. ഫ്രാൻസിൽ ഇത് നടപ്പിലാക്കിയതിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.