- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലേക്ക് എത്തുന്ന ആശാരി ജോലിക്കാർക്കും പെയിന്റർമാർക്കും വെൽഡർമാർക്കും ഇനി യോഗ്യതാ പരീക്ഷ; തൊഴിൽ പരിഞ്ജാനം ഇല്ലെങ്കിൽ ജോലി ലഭിക്കില്ല
റിയാദ്: സൗദിയിലേക്ക് എത്തുന്ന ആശാരി ജോലിക്കാർക്കും പെയിന്റർമാർക്കും വെൽഡർമാർക്കും ഇനി യോഗ്യതാ പരീക്ഷ. ജോലി ചെയ്യണമെങ്കിൽ തൊഴിൽ പരിജ്ഞാനം തെളിയിക്കണം. ഇവർ മാത്രമല്ല എ.സി ടെക്നീഷൻ, വെൽഡർ, കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷൻ, പെയിന്റർ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ പരീക്ഷ എഴുതണം.
സൗദി എഞ്ചിനീയറിങ് കൗൺസിലിന് കീഴിലാണ് പരീക്ഷ. നേരത്തെ നിരവധി സാങ്കേതിക തൊഴിലുകൾക്ക് ഈ പരീക്ഷ നിർബന്ധമാക്കിയിരുന്നു. ഇപ്പോൾ കൂടുതൽ തൊഴിലുകൾ ഇതിൽ പെടുത്തിയതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ആകെ 120 തൊഴിലുകൾ വരുന്ന ആറു സ്പെഷ്യാലിറ്റികളാണ് (തൊഴിൽക്കൂട്ടം) പ്രോഗ്രാമിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
എയർ കണ്ടീഷനിങ്, വെൽഡിങ്, കാർപെൻഡിങ്, കാർ മെക്കാനിക്, ഓട്ടോ ഇലക്ട്രിഷൻ, പെയിന്റിങ് എന്നീ തൊഴിൽക്കൂട്ടങ്ങളാണ് പുതുതായി തൊഴിൽ യോഗ്യതാ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സൗദി ഒക്യുപേഷനൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് എട്ടു തൊഴിൽക്കൂട്ടങ്ങളിൽ പെടുന്ന 225 തൊഴിലുകൾ പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാറി.
സൗദിയിൽ 23 തൊഴിൽക്കൂട്ടങ്ങളിൽ പെട്ട 1,099 തൊഴിലുകൾ നിർവഹിക്കുന്നവർക്ക് തൊഴിൽ യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയ ആറു തൊഴിൽക്കൂട്ടങ്ങൾക്കു കീഴിലെ 120 തൊഴിലുകളിൽ അടുത്ത സെപ്റ്റംബർ ഒന്നു മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും. അടുത്ത വർഷാദ്യത്തോടെ മുഴുവൻ തൊഴിലുകളും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.