തിരുവനന്തപുരം: ഡോക്ടർമാർക്കെതിരയുള്ള ആക്രമണങ്ങൾ സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തെ നിലയിൽ എത്തിനിൽക്കുന്നത് കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപികുമാറും ഒരു പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

ആക്രമണ പരമ്പരയിലെ ഏറ്റവും അവസാനം സംഭവിച്ച വനിത ഡോക്ടർക്കെ തിരെയുള്ള ആക്രമണം അതി നീചവും സ്ത്രീത്വത്തിനെതിരെയുള്ള ആക്രമണവുമാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിൽ വനിതാ ഡോക്ടറെ കടന്നു പിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരിക്കുന്നു.

ഈ കോവിഡ് കാലഘട്ടത്തിൽപ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നിൽക്കാനാവില്ല.

കോവിഡ് ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടർമാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റും ക്യാമറകളും സ്ഥാപിക്കുക, ആശുപത്രികളിലെ സെക്യൂരിറ്റി സംവിധാനം കിടയറ്റതാക്കുക എന്നിവ ഉടനടി നടപ്പിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആശുപത്രി ആക്രമണങ്ങൾക്കെതിരെ കേന്ദ്രനിയമം കൊണ്ടുവരുവാൻ കേന്ദ്രസർക്കാരിനോടും ഐ.എം.എ. ആവശ്യപ്പെടുന്നു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കാൻ പോലും തയ്യാറാവാത്ത പൊതുസമൂഹത്തിന്റെ നിലപാട് ഞങ്ങളെ ഞെട്ടിക്കുന്നു. മാനസിക പിൻബലം നൽകേണ്ട സമൂഹം കയ്യൊഴിയുന്നുവെന്ന അപകടകരമായ തോന്നൽ ഡോക്ടർമാരിൽ ഉണ്ടാകുന്നൂ എന്നുള്ളത് അത്യന്തം നിർഭാഗ്യകരമാണ്.