ന്യൂഡൽഹി: ജഡ്ജിമാരുടെ പരാതികളിൽ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ വിമർശനത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ അഞ്ചു പേരെ സി ബി ഐ അറസ്റ്റ് ചെയ്തു.

അപകീർത്തികരമായ സന്ദേശങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ജഡ്ജിമാർ പരാതിപ്പെട്ടത്. അതിലാണ് തുടർ നടപടി ഉണ്ടായത്.രാജ്യത്തെ അന്വേഷണ ഏജൻസികൾ ഒരുതരത്തിലും സഹായിക്കുന്നില്ലെന്നും ഭീഷണികൾ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളിൽ സി ബി ഐയും രഹസ്യാന്വേഷണ വിഭാഗവും പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ജാർഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

'സി ബി ഐയുടെ സമീപനത്തിൽ മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയുന്നതിൽ അതിയായ ദുഃഖമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ. അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജഡ്ജിമാർക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന്റെ മറുപടിയും കോടതി തേടിയിരുന്നു. ഇതിനുപിന്നാലെയാണ് സി ബി ഐയുടെ നടപടി ഉണ്ടായത്.