ജിദ്ദ: പ്രവാസ ലോകത്തും സ്വദേശത്തും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവത പുലർത്തിയിരുന്ന മലയാളി പ്രമുഖൻ വിടവാങ്ങി. എറണാകുളം, എടവനക്കാട് സ്വദേശിയും പരേതരായ വലിയ വീട്ടിൽ ഖാദർകോയ കുഞ്ഞി - ബീഫാത്തിമ്മ ദമ്പതികളുടെ മകനുമായ വി കെ അബ്ദുൽ അസീസ് (70) ആണ് ശനിയാഴ്ച വൈകീട്ട് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിച്ചത്. ഏതാനും ആഴ്ചകളായി ഇതേ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.

ഭാര്യ: നജ്മ. മക്കൾ: ഷമീന (ജിദ്ദ), ഷബ്ന (ദമാം), ഷെഫ്ന (മക്ക), അഫ്താബ് അറഫാത്ത് (കാനഡ), അഫ്രോസുൽ ഹഖ് (ഖത്തർ). മരുമക്കൾ: അബ്ദുൽ ജലീൽ (ജിദ്ദ), ഫൈസൽ (ദമാം), അബ്ദുൽ സലാം (മക്ക),അൽമാസ് കലാം (കാനഡ).

മൃതദേഹം ഞായറാഴ്ച അസർ നിസ്‌കാരാനന്തരം ജിദ്ദയിലെ റുവൈസ്ൽ മഖ്ബറയിൽ സംസ്‌കരിച്ചു.നാട്ടിൽ ഫെഡറൽ ബാങ്കിൽ ചേർന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ച അബ്ദുൽ അസീസ് സൗദിയിലെത്തിയ ഉടനെ അൽരാജ്ഹി ബാങ്കിൽ ഉദ്യോഗസ്ഥനായി. പീന്നീട് സ്വന്തമായ ഏർപ്പാടുകളിൽ പ്രവേശിച്ച അദ്ദേഹം ജിദ്ദയിൽ അൽഹയാത്ത് ഇന്റർനാഷണൽ സ്‌കൂൾ, സീഗൾസ് റസ്റ്റോറന്റ് ഗ്രൂപ്പ് എന്നിവ സ്ഥാപിച്ചു.

നജാത്തുൽ ഇസ്ലാം ട്രസ്റ്റ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. ജിദ്ദയിലെ എടവനക്കാടുകാരുടെ കൂട്ടായ്മയായ 'സേവ', തനിമ സാംസ്‌കാരിക വേദി എന്നിവയിൽ സജീവ പ്രവർത്തകനുമായിരുന്നു. മുസ്ലിം സമുദായത്തിലെ വിവിധ സംഘടനാ നേതാക്കളുടെ ഐക്യത്തിനായി ഒട്ടേറെ പ്രവർത്തനങ്ങളും നടത്തി. ജിദ്ദയിലെ വിദ്യാഭ്യാസ, സാമൂഹിക, മത പ്രബോധന, ബിസിനസ് രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ അസീസ് ഇന്ത്യൻ സമൂഹത്തിൽ ഏറെ ആദരവ് നേടിയ വ്യക്തിയായിരുന്നു.

മക്കയിലെ മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് കേരളത്തിൽ ഇന്റർഫെയ്ത്ത് സെമിനാർ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അബ്ദുൽ അസീസ് ഗായകൻ യേശുദാസ്, ജസ്റ്റിസ് ഷംസുദ്ദീൻ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, സ്വാമി അഗ്‌നിവേശ്, എം ഡി നാലപ്പാട്, ടി ബാലകൃഷ്ണൻ, രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവരുമായും വിവിധ സംഘടനകളിലെ മുസ്ലിം - അമുസ്ലിം നേതാക്കളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.