- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമഭാവനയുടെ പ്രതീകം: സിപി ജോൺ
മനാമ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമഭാവനയുടെ പ്രതീകമാണെന്ന് സിഎംപി ജന. സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ സിപി ജോൺ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12 ാം ഓർമ്മദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഞങ്ങളുടെ തങ്ങൾ, എല്ലാവരുടെയും' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മിതവാദിക്കപ്പുറം ദൃഢചിന്തകനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. വജ്രക്കല്ലിന്റെ ശക്തിയുണ്ടായിരുന്ന ദൃഢത അദ്ദേഹത്തിന്റെ സൗമ്യതയിലൂടെ ലളിതമാക്കുകയായിരുന്നു. മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ദൃഢതയിൽനിന്നാണ് അദ്ദേഹം ഊർജ്ജം ഉൾക്കൊണ്ടത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി തുടരുന്ന ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണത്തിൽ അദ്ദേഹത്തിന്റെ അഭാവം ഏവരും അറിയുന്നുണ്ട്. നാം നടത്തിവന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശം പകർന്നത് തങ്ങളുടെ ചിന്തകളാണ്. പ്രതിന്ധിഘട്ടങ്ങളിൽ നമുക്ക് നോക്കാവുന്ന പ്രകാശഗോപുരമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനായിരങ്ങൾക്ക് തന്റെ പ്രവർത്തികളിലൂടെ സന്തോഷത്തിന്റെ പുഷ്പങ്ങൾ നൽകിയ മഹാനായ മനഷ്യനായ ശിഹാബ് തങ്ങളുടെ ഓർമ്മകൾ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഇന്നത്തെ രാഷ്ട്രീയലോകത്ത് വഴികാട്ടിയാണ്. ഏത് പ്രശ്നങ്ങളെയും ദൃഢചിന്തയോടെ നേരിടാമെന്നതിന്റെ, ലോകജനതയ്ക്ക് മുന്നിൽ നമുക്ക് ഉയർത്തിപ്പിടിക്കാവുന്ന ഉദാഹരണമാണ് തങ്ങളെന്നും സിപി ജോൺ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
ഓൺലൈൻ വഴി നടന്ന സംഗമം മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ഒഐസിസി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം, കെഎംസിസി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആക്ടിങ് ജന. സെക്രട്ടറി മുസ്തഫ കെപി സ്വാഗതവും സെക്രട്ടറി എപി ഫൈസൽ നന്ദിയും പറഞ്ഞു. ട്രഷറർ റസാഖ് മൂഴിക്കൽ വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, അബ്ദുൽ അബ്ദുൽ ലത്തീഫ്, സെക്രട്ടറിമാരായ ഒ.കെ ഖാസിം, റഫീഖ് തോട്ടക്കര തുടങ്ങിയവർ സംബന്ധിച്ചു. പിവി മൻസൂർ സംഗമം നിയന്ത്രിച്ചു. നൂറു കണക്കിനാളുകളാണ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന സംഗമത്തിൽ പങ്കെടുത്തത്..