തിരുവനന്തപുരം: വലിയതുറ കടൽപ്പാലത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുമെന്നും നഗരവാസികൾക്ക് ഒരു സായാഹ്ന വിശ്രമ കേന്ദ്രം എന്ന നിലയിലും, മത്സ്യബന്ധനത്തിന് സൗകര്യപ്രദമായ രീതിയിലും വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കടൽക്ഷോഭത്തെത്തുടർന്ന് നാശം നേരിട്ട വലിയതുറ കടൽപ്പാലം തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിലുമായി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ ആകർഷണവുമായിരുന്നു ഒരു കാലത്ത് വലിയതുറ. എന്നാൽ നിരന്തര കടൽക്ഷോഭം കാരണം പാലത്തിന്റെ പത്ത് തൂണുകൾ താഴ്ന്ന നിലയിലാണ്, അതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ പ്രാഥമിക പണികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും, സന്ദർശകരെ അനുവദിക്കണമെന്നും നഗരത്തിലെ ഒരു ആകർഷണ കേന്ദ്രമായി നിലനിർത്തണമെന്നും സ്ഥലം എം എൽ എ കൂടിയായ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിർദേശിച്ചു.

തീരമേഖലയിലെ തുടരെയുള്ള കടൽക്ഷോഭത്തെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രിമാർ ചർച്ച നടത്തി. കടൽപ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച് ജിയോ ടെക്‌നിക്കൽ സ്റ്റഡി നടത്തുവാൻ ഐ ഐ ടി-യെ ചുമതലപ്പടുത്തിയെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥന്മാർ അറിയിച്ചു. പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ തുറമുഖ വകുപ്പ് ചീഫ് എൻജീനീയറെ ചുമതലപ്പെടുത്തി.