തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി സമൂഹത്തോട് തുടരുന്ന ജനദ്രോഹപരമായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് പ്രവാസി വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും വലിയ പങ്കുവഹിക്കുകയും എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ജീവിത തകർച്ച സംഭവിക്കുകയും ചെയ്ത പ്രവാസികൾക്ക് വേണ്ടി ഭരണകൂടം പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ ആവശ്യപ്പെട്ടു.

നിരവധി ഇന്ത്യക്കാരാണ് കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളിൽ മരണമടഞ്ഞത്. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പ്രവാസി സമൂഹത്തിന് നിഷേധിക്കുന്നത് തികഞ്ഞ അനീതിയാണ്.

നാട്ടിലേക്ക് അവധിക്കു വന്ന പ്രവാസികൾ തിരിച്ചുപോകാൻ കഴിയാതെ പ്രയാസം അനുഭവിക്കുകയാണ്. വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് സർക്കാർ ഇടപെടണം. വിവിധ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തണം. ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവന്ന പ്രവാസികൾക്ക് വേണ്ടി സമഗ്ര പുനരധിവാസ പാക്കേജ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു ഓഗസ്റ്റ് 13ന് വെർച്ച്വൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ 10 സ്റ്റേജുകളിൽ നടക്കുന്ന പരിപാടി യൂട്യൂബ് പ്ലാറ്റ്‌ഫോമിലാണ് പ്രക്ഷേപണം ചെയ്യുക. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് എൻ. എം അൻസാരി പ്രതിഷേധ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹിം, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മധു കല്ലറ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അനിൽകുമാർ സ്വാഗതവും ബിലാൽ വള്ളക്കടവ് നന്ദിയും പറഞ്ഞു.