വ്യാപനതോത് ഉയരുന്നതിന്റെ വേഗത ഒന്നു കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്ന കാഴ്‌ച്ച തന്നെയാണ് ബ്രിട്ടനിൽ ദൃശ്യമാകുന്നത്. മൂന്നാം തരംഗം ഇനിയും അവസാനിച്ചിട്ടില്ല എന്ന സൂചനകൾ നൽകി ഇന്നലെ 25,161 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 14.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല പുതിയ രോഗികളുടെ എണ്ണത്തിന്റെ പ്രതിവാര ശരാശരി കഴിഞ്ഞ നാലു ദിവസങ്ങളായി ക്രമമായി കൂടിക്കൊണ്ടിരിക്കുകയുമാണ്.

ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ പരസ്യപ്പെടുത്തിയില്ലെങ്കിലും അതും ഉയർന്നു കൊണ്ടിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ലോക്ക്ഡൗണിൽ നിന്നുള്ള സ്വാതന്ത്ര്യം ആഘോഷിക്കുവാൻ ബാറുകളിലും മറ്റും ജനങ്ങൾ തിങ്ങിക്കൂടിയതിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ വർദ്ധനവ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, രോഗവ്യാപനത്തെ കുറിച്ച് അതിരു കവിഞ്ഞ ആശങ്ക ആവശ്യമില്ലെന്ന പക്ഷക്കാരാണ് മറ്റു ചില ശാസ്ത്രജ്ഞർ.

കോവിഡ് മരണനിരക്കിലും അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇന്നലെ 37 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കാര്യത്തിൽ 54.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വാക്സിനുകൾ മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന വാദവും വിഫലമാകുന്ന കാഴ്‌ച്ചയാണ് കാണുന്നത്.

കോവിഡ് കണക്കെടുപ്പ് നിർത്തിവയ്ക്കണം

ഓരോ ദിവസവും പുതിയതായി കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ കണക്കുകൾ എടുക്കുന്ന രീതി ബ്രിട്ടൻ ഉപേക്ഷിക്കണമെന്ന് ഈസ്റ്റ് ആംഗ്ലിയ സർവ്വകലാശാലയിലെ പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ പോൾ ഹണ്ടർ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ കോവിഡ് രോഗികളുടെ എണ്ണം എടുക്കുന്നതിന്റെ പ്രസക്തി സാവകാശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതകാലം മുഴുവൻ ഇത്തരത്തിൽ ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഉയർന്ന് തന്നെയിരിക്കും എന്നും അദ്ദേഹം പറയുന്നു.

ഇനിയുള്ള കാലത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സതേടി എത്തുന്നവരുടെ കാര്യത്തിലാണ് കൂടുതൽ ഊന്നൽ കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ഇത് കുറയുന്നതനിനനുസരിച്ചായിരിക്കും മഹാവ്യാധി അടുത്ത ഘട്ടത്തിലേക്ക് കടന്നു എന്ന് പറയാൻ കഴിയുക. തലമുറകളോളം ഈ വൈറസ് ഭൂമുഖത്ത് ഉണ്ടാകുമെന്നും കാലാകാലങ്ങളിൽ അത് മനുഷ്യർക്കിടയിൽ പടർന്നു പിടിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇനിയുള്ള കാലം ഒരു ലോക്ക്ഡൗൺ വേണ്ടിവരുമെന്നല്ല അതിന്റെ അർത്ഥം എന്നും അദ്ദേഹം വ്യക്തമാക്കി.

മാറിവരുന്ന രോഗ ലക്ഷണങ്ങൾ; തടയാനാകാത്ത കൊറോണ

കൊറോണയെന്ന് നാം വിളിക്കുന്ന, സാർസ് കോവ് 2 എന്ന ശാസ്ത്രീയ നാമമുള്ള വൈറസ് കാലക്രമത്തിൽ രൂപാന്തരം പ്രാപിച്ച്, ഒരു ജലദോഷത്തിനു കാരണമാകുന്ന വൈറസിനെ പോലെ നിരുപദ്രവകാരിയായി മാറുമെന്ന് ശാസ്ത്രജ്ഞർ പറയുമ്പോഴും അത് ഇപ്പോൾ മനുഷ്യകുലത്തിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാശത്തെ കുറിച്ച് വർണ്ണിക്കാനാകില്ല. രോഗം ഭേദപ്പെട്ടാലും അതിന്റെ പ്രത്യാഘാതങ്ങൾ പിന്നെയും ഏറെനാൾ തുടരുമെന്നാണ് സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ഇംപീരിയൽ കോളേജ് ലണ്ടനിലെ മെഡിക്കൽ ഇൻഫോർമാറ്റിക്സ് ചെയർമാൻ പ്രൊഫസർ ബ്രെൻഡൻ ഡെലാനി പറയുന്നത്.

കോവിഡിന്റെ ആദ്യകാലങ്ങളിൽ തന്നെ രോഗം ബാധിച്ചവരിൽ ഒരാളാണ് ഡെലാനി. രോഗം മാറിയെങ്കിലും ഇനിയും സാധാരണ രീതിയിലുള്ള ശ്വാസോച്ഛ്വാസ പ്രക്രിയ വീണ്ടെടുക്കാൻ അദ്ദേഹത്തിനായിട്ടില്ല. അതുപോലെ പേശീവേദന വിട്ടുമാറാതെ കൂടെയുണ്ട്. ഇടയ്ക്കിടെ പനിയുടെ ആക്രമണവും. ഒരുകാലത്ത് അറിയപ്പെടുന്ന സൈക്കിളിങ് താരം കൂടിയായിരുന്ന പ്രൊഫസർ പറയുന്നത് ഇന്ന് തനിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നില്ല എന്നാണ്.

12 ആഴ്‌ച്ചയിലേറെക്കാലം രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന ദൈർഘ്യമേറിയ കോവിഡ് ബാധിച്ചവർക്ക് ജീവിതകാലം ഏകദേശം മുഴുവനും തന്നെ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായി വരും എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, കോവിഡിന്റെ ആദ്യകാലങ്ങളിൽ പട്ടികപ്പെടുത്തിയ ലക്ഷണങ്ങൾക്ക് പുറമെ പല പുതിയ ലക്ഷണങ്ങളും ഈ രോഗത്തിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഇത് ദീർഘകാല കോവിഡ് ബാധിച്ചവരുടെ ജീവിതം ദുസ്സഹമാക്കുമെന്നും അദ്ദേഹം പറയുന്നു. കാഴ്‌ച്ച മങ്ങുന്നതുമുതൽ, ആർത്തവചക്രത്തിലെ വ്യതിയാനം വരെ പുതിയ ലക്ഷണങ്ങളിലുണ്ട്.