- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18 മുതൽ ലണ്ടനിലെക്ക് കൊച്ചിയിൽ നിന്നും നേരിട്ട് വിമാനങ്ങൾ; ടിക്കറ്റെടുക്കാൻ നീണ്ട ക്യു; കൊച്ചി-ലണ്ടൻ എയർ ഇന്ത്യ നിരക്ക് ഒരു ലക്ഷം രൂപ കടന്നു; എന്നിട്ടും ടിക്കറ്റ് കിട്ടാതെ നാട്ടിൽ കുടുങ്ങിയവർ
ഇന്ത്യയെ ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ നിലയിലേക്ക് കൊണ്ടുവരുവാൻ തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായി കൊച്ചി-ലണ്ടൻ വിമാനസർവ്വീസ് പുനരാരംഭിക്കുകയാണ്. എയർ ഇന്ത്യയും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് ഈ സൗകര്യം ഒരുക്കുന്നത്. എയർ ഇന്ത്യയുടെ ആദ്യ ഹീത്രൂ-കൊച്ചി-ഹീത്രൂ വിമാനസർവ്വീസ് ഓഗസ്റ്റ് 18 ബുധനാഴ്‌ച്ച ആരംഭിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നും ഹീത്രുവിലെത്താൻ 10 മണിക്കൂർ സമയമെടുക്കുമെന്നും അധികൃതർ പറഞ്ഞു.
ബ്രിട്ടനിൽ സ്‌കൂൾ അവധിക്കാലം തുടങ്ങുകയും കേരളത്തിൽ ഓണം അടുക്കുകയും ചെയ്തതോടെ വിമാന ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്. അതുപോലെ കോവിഡ് കാലത്ത് നാട്ടിൽ എത്തിയിട്ട് യാത്രാ നിയന്ത്രണങ്ങൾ കാരണം തിരിച്ചുപോകാനാകാതെ കുടുങ്ങിപ്പോയവരും ഏറെയാണ്. ഇതുകൊച്ചി - ഹീത്രൂ വിമാനസർവ്വീസിൽ ടിക്കറ്റെടുക്കാനുള്ള തിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന ഉടനെ കേരളത്തിലേക്കുള്ള ടിക്കറ്റ് അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായി ഒരു ട്രാവൽ ഏജന്റ് പറയുന്നു. പുതിയ കൊച്ചി സർവ്വീസ് കൂടി എത്തിയതോടെ ടിക്കറ്റിന് ആവശ്യക്കാർ ഏറി. എയർ ഇന്ത്യയുടെ കൊച്ചി വിമാനത്തിനു പുറമെ എത്തിഹാദ്, എമിരേറ്റ്സ്, ഖത്തർ എയർവേയ്സ് എന്നിവ തിരുവനന്തപുരത്തേക്കും മറ്റ് വിമാനത്താവളങ്ങളിലേക്കും സർവ്വീസ് നടത്തുന്നുണ്ട്.
ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലെത്താൻ മൂന്നുതവണ കോവിഡ് പരിശോധന നടത്തേണ്ടതായിട്ടുണ്ട്. ആദ്യത്തേത് യാത്ര തുടങ്ങുന്നതിന് മൂന്നു ദിവസം മുൻപും രണ്ടാമത്തേത് ബ്രിട്ടനിൽ എത്തിയ ഉടനെയോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ നടത്തണം. ബ്രിട്ടനിലെത്തിയതിനു ശേഷം 8 ദിവസം കഴിയുമ്പോഴാണ് മൂന്നാമത്തെ പരിശോധനനടത്തേണ്ടത്. അതുപോലെ, ബ്രിട്ടനിൽ എത്തിയാൽ 10 ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാണ്.
എന്നാൽ, രണ്ടു ഡോസ് വാക്സിനുകളും എടുത്ത ബ്രിട്ടീഷ് പൗരന്മാർക്ക് എട്ടാം ദിവസത്തെ പരിശോധനയും ഹോം ക്വാറന്റൈനും ആവശ്യമില്ല. അതുപോലെ അമേരിക്കയിലോ ചില യൂറോപ്യൻ രാജ്യങ്ങളിലോ വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർക്കും ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. എട്ടാം ദിവസത്തെ പരിശോധനയിൽ നിന്നും ഇവർക്ക് ഇളവുണ്ട്.
അതേസമയം കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച നടപടിയെ എയർ ഇന്ത്യ പക്ഷെ ന്യായീകരിക്കുകയാണ്. ബ്രിട്ടീഷ് എയർവേയ്സിന്റെ ഡൽഹി ലണ്ടൻ ടിക്കറ്റിന് 3.95 ലക്ഷം രൂപവരെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പിനു കീഴിലെ ഇന്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയേീലെ സെക്രട്ടരി സജ്ഞീവ് ഗുപ്ത ട്വീറ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം പരസ്യമാകുന്നത്.
ഇന്ത്യയ്ക്കും ബ്രിട്ടനുമിടയിലെ വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിക്കുവാൻ ഡി ജി സി എ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 13 പ്രതിവാര വിമാനസർവ്വീസുകളാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി തങ്ങൾ നടത്തുന്നത് എന്ന് പറഞ്ഞ എയർ ഇന്ത്യ, യാത്രചെയ്യുന്ന ദിവസം, ട്രാവൽ റൂട്ട്, മുൻകൂട്ടി വാങ്ങൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ടിക്കറ്റ് നിരക്കുകൾ വ്യത്യാസപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.
നിലവിൽ എക്കോണമി ക്ലാസിൽ 1.15 ലക്ഷം രൂപയ്ക്ക് ഓഗസ്റ്റ് മാസത്തേക്കുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നും എയർ ഇന്ത്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ