റിയാദ്: ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷ എന്ന വിഷയത്തെ മുൻനിർത്തി കേളി കുടുംബവേദി വെബ്ബിനാർ സംഘടിപ്പിച്ചു.

ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നിയമ വ്യവസ്ഥയും സ്ത്രീകൾക്ക് തുല്യതയും, സുരക്ഷിതത്വവും നിരവധി അധികാര അവകാശങ്ങളും ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ അതിനെയൊക്കെ അട്ടിമറിച്ച് ഇന്ന് രാജ്യം ഭരിക്കുന്ന സംഘ പരിവാർ ശക്തികൾ ഭരണഘടനയുടെ സ്ഥാനത്ത് സ്ത്രീകളെ അടിമകളായി കാണുന്ന മനുസ്മൃതിയെ രാജ്യത്തിന്റെ പുതിയ ഭരണഘടനയാക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് വെബ്ബിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രഡിഡണ്ട് കെ പി വി പ്രീത പറഞ്ഞു. 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനു വചനങ്ങളിൽ നിന്ന് നവോത്ഥാന മുന്നേറ്റങ്ങൾ വഴിയും പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ഇടപെടൽ മൂലവും സ്ത്രീകൾക്ക് സമൂഹത്തിൽ മെച്ചപ്പെട്ട അവസരങ്ങൾ തുറന്ന് കിട്ടിയിട്ടുണ്ടെങ്കിലും പല മേഖലകളിലും സ്ത്രീകൾ ഇന്നും സുരക്ഷിതത്വമില്ലായ്മയും ലിംഗ വിവേചനവും നേരിടുന്നതായി വെബ്ബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ് അധ്യക്ഷത വഹിച്ച വെബ്ബിനാറിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട് സ്വാഗതമാശംസിച്ചു. കുടുംബവേദി ജോ: സെക്രട്ടറി സജീന സിജിൻ ആമുഖ ഭാഷണം നടത്തി. ദമാം നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി രശ്മി രാമചന്ദ്രൻ, കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വിമൻസ് വിങ് പ്രഡിഡണ്ട് റഹ്‌മത്ത് അഷ്റഫ്, സംസ്‌കൃതി ഖത്തർ വനിതാവേദി പ്രഡിഡണ്ട് ഡോ:പ്രതിഭ രതീഷ്, കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ഷൈനി അനിൽ എന്നിവർ വെബ്ബിനാറിൽ സംസാരിച്ചു. കേളി കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗം ബിന്ദു മധു വെബ്ബിനാറിൽ നന്ദി പറഞ്ഞു.