ചിക്കാഗൊ: ചിക്കാഗൊ സൗത്ത് സൈഡിൽ ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടയിൽ വാഹനത്തിലുണ്ടായിരുന്ന ഒരാൾ പൊലീസ് ഓഫീസർമാർക്കെതിരെ വെടിയുതിർത്തതിനെ തുടർന്നു 29 വയസ്സുള്ള വനിതാ ഓഫീസർ എല്ലാ ഫ്രഞ്ച്(ELLA FRENCH) കൊല്ലപ്പെടുകയും, മറ്റൊരു ഓഫീസർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഞായറാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ചിക്കാഗൊ പൊലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ അറിയിച്ചു.

പൊലീസ് തിരിച്ചു വെടിവെച്ചതിനെ തുടർന്നു കാറിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾക്കു പരിക്കേറ്റു. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈഗിൾ വുഡിൽ ശനിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം ഉണ്ടായത്.
കൊല്ലപ്പെട്ട വനിതാ ഓഫീസർ മൂന്നരവർഷം മുമ്പാണ് ചിക്കാഗൊ പൊലീസിൽ ചേർന്നത്.
1988 നു ശേഷം ഡ്യൂട്ടിക്കിടയിൽ ഷിക്കാഗോയിൽ കൊല്ലപ്പെടുന്ന ആദ്യ വനിത ഓഫീസറാണ് എല്ല. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 39 വയസ്സുള്ള ഓഫീസർ കഴിഞ്ഞ ആറുവർഷമായി സർവ്വീസിലുണ്ടെന്ന് പൊലീസ് ചീഫ് അറിയിച്ചു.

വെടിവെപ്പു സംഭവത്തിൽ ചിക്കാഗൊ മേയർ ലോറി ലൈറ്റ് ഫുട്ട് ഞെട്ടൽ പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കൽ നാം എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതാണെന്നും മേയർ ആവശ്യപ്പെട്ടു