കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് വിദ്യാർത്ഥി സ്വന്തം ഫോണിലേക്കു മാറ്റി. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെയാണു സംഭവം. അദ്ധ്യാപിക പരാതി നൽകിയതിന് പിന്നാലെ നടത്തിയ പൊലീസ് അന്വേഷണത്തിൽ വിദ്യാർത്ഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അദ്ധ്യാപിക പരാതി പിൻവലിച്ചു.

സ്‌ക്രീൻ ഷെയറിങ് ആപ് ഉപയോഗിച്ച് അദ്ധ്യാപികയുടെ മൊബൈൽ ഫോണിന്റെ സ്‌ക്രീൻ വിദ്യാർത്ഥികൾക്കു കാണുന്ന രീതിയിലാണു ക്ലാസെടുത്തത്. അദ്ധ്യാപികയുടെ ഫോണിലേക്കു വരുന്ന മെസേജ് നോട്ടിഫിക്കേഷനുകൾ സ്‌ക്രീനിന്റെ മുകളിൽ കാണുന്നുണ്ടായിരുന്നു. ക്ലാസിനിടെ ഒരു വിദ്യാർത്ഥി അദ്ധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്‌സാപ് അക്കൗണ്ട് തുറക്കുക ആിരുന്നു.

മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അദ്ധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്‌ക്രീനിന്റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർത്ഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്‌സാപ് ആരംഭിച്ചു. അദ്ധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ നടത്താത്തതിനാൽ പാസ്വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണിൽ വാട്‌സാപ് പ്രവർത്തനരഹിതമായത് അദ്ധ്യാപിക അറിഞ്ഞത്. മെഡിക്കൽ കോളജ് സ്വദേശിയായ അദ്ധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകി.

ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാർത്ഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അദ്ധ്യാപിക പരാതി പിൻവലിച്ചു. അദ്ധ്യാപിക വാട്‌സാപിൽ ആറക്ക പാസ്വേഡ് ഉപയോഗിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.