പത്തനംതിട്ട: ഫൊറൻസിക് ഫൊട്ടോഗ്രഫർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു പൊലീസ് ഫോട്ടോഗ്രാഫർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിക്കുന്നത്. പത്തനംതിട്ട ഫൊറൻസിക് വിഭാഗം ഫൊട്ടോഗ്രഫർ ജി.ജയദേവകുമാറിനാണ് ബഹുമതി ലഭിച്ചത്. ഇതിനോടകം 5000 കേസുകൾക്ക് ഫോട്ടോയും വിഡിയോയും തയാറാക്കിയിട്ടുണ്ട്.

ശബരിമലയിലേക്ക് തിരുവാഭരണ യാത്രയുടെ ഭാഗമായി പന്തളം മുതൽ സന്നിധാനം വരെ അകമ്പടി സേവിച്ചു പോകുന്നതാണ് വിഭിന്നമായ ജോലി അനുഭവം. മറ്റെല്ലാ സന്ദർഭങ്ങളിലും കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളാണു പകർത്തേണ്ടി വരികയെന്നു ജയദേവകുമാർ പറയുന്നു. കോട്ടയം വൈക്കം വെള്ളൂർ സ്വദേശിയാണ്. ഫൈൻ ആർട്‌സിൽ അപ്ലൈഡ് ആർട് പഠിച്ച ശേഷമാണ് 2000ത്തിൽ പൊലീസിലെത്തുന്നത്. കാസർകോട്ട് ജോലിയിൽ ഇരിക്കുമ്പോൾ തസ്തിക മാറ്റ പരീക്ഷ പാസായി 2005ൽ പൊലീസ് ഫൊട്ടോഗ്രഫർ ആയി. 2007 മുതൽ പത്തനംതിട്ട പൊലീസിന്റെ ഭാഗമാണ്.

2012ലെ ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ക്രൈം സീൻ ഫൊട്ടോഗ്രഫിയിൽ മെഡൽ ലഭിച്ച ഇദ്ദേഹം സംസ്ഥാനതല ഡ്യൂട്ടി മീറ്റുകളിൽ ഫൊട്ടോഗ്രഫിയിലും വിഡിയോഗ്രഫിയിലും 6 വർഷം വിജയിയായിരുന്നു. 2014 മുതൽ കുറ്റാന്വേഷണത്തിന്റെ ഭാഗമായി നൂറോളം രേഖാചിത്രങ്ങൾ വരച്ചിട്ടുണ്ട്. കേരള പൊലീസ് അക്കാദമിയിൽ വിസിറ്റിങ് ഫാക്കൽറ്റിയാണ്. ഭാര്യ അദ്ധ്യാപികയായ അമ്പിളി, മകൻ നെവീൻദേവ്.