- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിദ്വീപിൽ തൗമസ സൗകര്യം ലഭിച്ചില്ല; സൗദി യാത്രയ്ക്കിടെ പ്രവാസികൾക്ക് നടുക്കടലിൽ കഴിയേണ്ടി വന്നത് 17 മണിക്കൂർ
റിയാദ്: സൗദി യാത്രയ്ക്കിടെ മാലദ്വീപിൽ താമസ സൗകര്യം ലഭിക്കാതിരുന്നതിനെ തുടർന്ന് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കടലിൽ ബോട്ടിൽ കഴിയേണ്ടി വന്നത് 17 മണിക്കൂർ. താമസം ശരിയായതു 33 മണിക്കൂറിനു ശേഷമെന്നും അതിനിടെ അനുഭവിച്ചതു പറഞ്ഞറിയിക്കാനാകാത്ത പ്രയാസമെന്നും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പറഞ്ഞു.
സൗദിയിലെ ജോലി സ്ഥലത്തു തിരിച്ചെത്താൻ കൊച്ചിയിൽനിന്നു കഴിഞ്ഞ ദിവസം മാലദ്വീപ് വഴി പുറപ്പെട്ട പ്രവാസികളാണ് ദുരിതത്തിലായത്. ഏജൻസി അധികൃതരുടെ ശ്രദ്ധക്കുറവാണു പ്രയാസത്തിനു കാരണമെന്നും പ്രവാസികൾ പറഞ്ഞു. മാലിയിൽനിന്നു യാത്രക്കാരെ വിവിധ സംഘങ്ങളായി കൊണ്ടുപോയി. ഇവരിൽ ഒരു സംഘത്തിലുള്ളവരാണു പ്രയാസം പങ്കുവച്ചത്. മലപ്പുറം ജില്ലക്കാർ 9 പേരുണ്ടായിരുന്നു. കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലയിലുള്ളവരും ഉൾപ്പെടെ 25 പേരാണ് ഈ ബോട്ടിലുണ്ടായിരുന്നത്.
രാവിലെ 10നു വിമാനമിറങ്ങിയെങ്കിലും വൈകിട്ട് മൂന്നിനാണു ദ്വീപിലെ താമസ സ്ഥലത്തേക്കു ബോട്ടിൽ കൊണ്ടുപോയത്. രാത്രി എട്ടരയ്ക്ക് ഒരു ദ്വീപിൽ എത്തിച്ചെങ്കിലും അവിടെ ആർക്കും ഇറങ്ങാനാകാത്ത സാഹചര്യമായിരുന്നു. പ്രാദേശികമായ പ്രശ്‌നങ്ങളായിരുന്നു കാരണം. ഉറങ്ങാൻപോലുമാകാതെ രാവിലെ ആറര വരെ കടലിൽ കഴിഞ്ഞെന്നു പ്രവാസികൾ പറഞ്ഞു. പിന്നീട് മറ്റൊരു ദ്വീപിലേക്കു പുറപ്പെട്ടു.
രാവിലെ എട്ടരയോടെ അവിടെയെത്തിയെങ്കിലും മണിക്കൂറുകൾ പിന്നിട്ടപ്പോൾ, അവിടെനിന്നു പോകണമെന്ന നിർദേശമാണു ലഭിച്ചത്. ഹോട്ടലിൽനിന്നിറങ്ങി വൈകിട്ട് ബോട്ടിൽ കയറി വീണ്ടും യാത്ര. ഹിന്നവാറു ദ്വീപിൽ രാത്രി ഏഴിനു താമസം ലഭിച്ചതോടെയാണ് ആശ്വാസമായത്. അതിനിടെ ഭക്ഷണം കിട്ടിയതു 2 തവണ മാത്രമായിരുന്നു.
മാലദ്വീപിലെ താമസവും വിമാന ടിക്കറ്റുകളും മറ്റും ഉൾപ്പെടെ സൗദിയിൽ എത്താൻ ശരാശരി 1.30 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജൻസി അധികൃതരുടെ ശ്രദ്ധക്കുറവാണു പ്രയാസത്തിനു കാരണമെന്നും പ്രവാസികൾ പറഞ്ഞു.