കോട്ടയം: കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ രണ്ട് ലോക്ഡൗണുകളും കാർഷിക മേഖലയിലുണ്ടായ വിലയിടിവും മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് കർഷകരുടെ കടങ്ങൾ എഴുതിത്ത്തള്ളണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. വി. സി സെബാസ്റ്റ്യൻ.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി സൂം മീറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരുടെ കടം എഴുതിത്ത്തള്ളിയില്ലെങ്കിൽ 2006-2007 കാലഘട്ടത്തിൽ ഉണ്ടായതുപോലെ കാർഷികമേഖലയിൽ കൂട്ട ആത്മഹത്യ ഉണ്ടാകും. ഇത് ഒഴിവാക്കാൻ കേന്ദ്രസംസ്ഥാന സർക്കാറുകൾ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ വൈസ് ചെയർമാൻ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. നാഷണൽ കോഡിനേറ്റർ ബിജു കെ.വി ദേശീയ കർഷക പ്രക്ഷോഭം വിശകലനം ചെയ്ത് സംസാരിക്കുകയും പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു. സംസ്ഥാന കോർഡിനേറ്റർ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി. വൈസ് ചെയർമാന്മാരായ മുതലാംതോട് മണി, ഫാ. ജോസഫ് കാവനാടിയിൽ ഭാരവാഹികളായ ജോയി കണ്ണംചിറ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, രാജു സേവ്യർ, പി.ടി ജോൺ, അഡ്വ. ജോൺ ജോസഫ്, ഷുക്കൂർ കണാജെ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, നൈനാൻ തോമസ് മുളപ്ളാമഠം, അഡ്വക്കേറ്റ് സുമീൻ എസ്. നെടുങ്ങാടൻ, മനു ജോസഫ്, ഔസേപ്പച്ചൻ ചെറുകാട്, പി. ജെ ജോൺ മാസ്റ്റർ, അതിരഥൻ പാലക്കാട്, ബേബി മുക്കാടൻ, പോൾസൺ അങ്കമാലി, സ്വപ്ന ആന്റണി, ആനന്ദൻ പയ്യാവൂർ, ഷാജി കാടമന തുടങ്ങിയവർ സംസാരിച്ചു.