നടുവിൽ: റബ്ലിക് ദിനത്തിൽ കശ്മീരിൽ എത്തി പതാക ഉയർത്താൻ സലീം കേരളത്തിൽ നിന്നും കാൽനടയായി യാത്ര തുടങ്ങിയ സലിം പഞ്ചാബിൽ എത്തി. നടുവിൽ സ്വദേശിയായ പുതിയകത്ത് സലീം എന്ന 26 കാരനാണ് കശ്മീരിലേക്ക് കാൽ നട യാത്ര തിരിച്ചത്. അതിസാഹസകമാണെന്നു പറഞ്ഞ് സുഹൃത്തുക്കളിൽ ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും ഉറച്ച കാൽവയ്പുമായി മുന്നോട്ടുപോകുകയാണ് പ്രവാസിയായ ഈ യുവാവ്.

കഴിഞ്ഞ മാസം 20നാണ് ദേശീയ പതാകയുമായി ഒരു ബാഗും 2500 രൂപയുമായി സലിം യാത്ര പുറപ്പെട്ടത്. യാത്ര പുറപ്പെടുമ്പോൾ സഹോദരിമാരായ ഷബാനയും മിസ്രിയയും ഉയർത്തിപ്പിടിച്ചു നൽകിയ ദേശീയ പതാകയും ഉമ്മ നസീമയുടെ അനുഗ്രഹവും കൂടിയായപ്പോൾ ആത്മവിശ്വാസം പതിന്മടങ്ങായെന്ന് സലീം പറയുന്നു. രാത്രികളിൽ അഭയം ലഭിക്കുന്നത് പൊലീസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, പെട്രോൾബങ്ക് എന്നിവിടങ്ങളിലാണ്. വിജനവും അപകടകരവുമായ സ്ഥലങ്ങളിൽ ലോറി ഡ്രൈവർമാർ ലിഫ്റ്റ് നൽകി സുരക്ഷിത സ്ഥലങ്ങളിൽ ഇറക്കിയ സംഭവങ്ങളും ഒട്ടേറെയാണ്.

മത്സ്യവിൽപനക്കാരനായിരുന്ന സലീം ഗൾഫിലും ഇതേ തൊഴിൽ ചെയ്ത് കോവിഡ് കാലത്ത് നാട്ടിൽ തിരിച്ചെത്തിയ ആളാണ്. ഇതിനിടെയാണ് റിപ്പബ്ലിക് ദിനത്തിൽ കശ്മീരിൽ പോയി പതാക ഉയർത്താൻ ആഗ്രഹമുണ്ടായത്. ഒറ്റയ്ക്കുള്ള കാൽനടയാത്രയ്ക്കിടെ ഒട്ടേറെ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. 15ന് പതാക ഉയർത്തിയ ശേഷം 16 ന് ട്രെയിനിലും മറ്റുമായി നാട്ടിലേക്ക് തിരിക്കുമെന്നും സലീം പറഞ്ഞു.