കുട്ടികൾക്കും വാക്സിൻ നൽകി കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാമെന്ന ആഗ്രഹത്തിന് താത്ക്കാലികമായി തിരിച്ചടി നേരിട്ടിരിക്കുകയാണ്. കൗമാരക്കാർക്ക്, പ്രത്യേകിച്ച് ആൺകുട്ടികൾക്ക് ഫൈസറിന്റെ കോവിഡ് വാക്സിൻ കൂടുതലായി പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഒരു പഠനത്തിൽ വെളിവായത്.

വളരെ വിരളമായ മയോകാർഡിറ്റിസ് എന്ന ഹൃദയസംബന്ധമായ സങ്കീർണ്ണതയ്ക്ക് വാക്സിൻ എടുത്ത ആൺകുട്ടികളിൽ സാധ്യത 14 ശതമാനം കൂടുതലാണ് എന്നാണ് പഠനത്തിൽ പറയുന്നത്. ഇതോടെ കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനത്തിൽ പുനർവിചിന്തനം ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾ ഉയർന്നിട്ടുണ്ട്.

16 ഉം 17 ഉം വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള തീരുമാനം ബ്രിട്ടനിൽ വിവാദമായിരിക്കുന്ന അവസരത്തിലാണ് ഈ പുതിയ പഠന റിപ്പോർട്ട് പുറത്തുവരുന്നത്. ഇത് എരിതീയിൽ എണ്ണ ഒഴിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഈ പ്രായക്കാർക്ക് വാക്സിൻ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കുന്നതിനു മുൻപായി വാക്സിൻ നൽകുന്നത് പൂർത്തിയാക്കുവാനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടു കഴിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അതെല്ലാം തത്ക്കാലത്തേക്ക് മരവിപ്പിച്ചേക്കും. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതിനു ശേഷം മാത്രമായിരിക്കും കുട്ടികൾക്കുള്ള വാക്സിൻ പദ്ധതിയുമായി മുന്നോട്ടു പോവുക.

കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ട് കുട്ടികൾക്കും വാക്സിൻ നൽകുന്ന അമേരിക്കയിൽ നിന്നുള്ള യഥാർത്ഥ ജീവിത വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ആൺകുട്ടികൾക്കാണ് വാക്സിൻ കൊണ്ടുള്ള അപകടം കൂടുതലെന്നായിരുന്നു പഠനത്തിൽ തെളിഞ്ഞത്. ഫൈസർ വാക്സിൻ എടുത്തതിനെ തുടർന്ന് മയോകാർഡിറ്റിസ് ബാധിച്ച 15 കുട്ടികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ജാമ കാർഡിയോളജി എന്ന ജേർണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ നേരത്തേ ആൺകുട്ടികൾ വാക്സിനിൽ നിന്നും ഒമ്പത് ശതമാനം കൂടുതൽ അപകടം നേരിടുന്നു എന്ന് കണ്ടെത്തിയിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഈ പുതിയ റിപ്പോർട്ടും. പതന വിധേയരായ 15 കുട്ടികൾക്കും വാക്സിനേഷൻ എടുത്തതിന് രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷം കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒമ്പതു ദിവസം വരെ ഈ വേദന നീണ്ടുനിന്നു. എന്നാൽ ആരുടെയും രോഗം ഗുരുതരാവസ്ഥയിൽ എത്തിയില്ല.

എന്നാൽ, വാക്സിനു ശേഷമുള്ള മയോകാർഡിറ്റിസിന്റെ ദീർഘകാല പരിണിതഫലത്തെക്കുറിച്ച് ഇനിയും അറിവായിട്ടില്ല എന്ന് ഡോക്ടർമാർ പറയുന്നു. ഹൃദയത്തിലെ പേശികളിൽ വീക്കം ഉണ്ടാകുന്ന മയോകാർഡിറ്റിൽ ഒരുതരം വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വല്യ സങ്കീർണ്ണതകളൊന്നും ഉണ്ടാക്കാത്ത ഈ രോഗം സാധാരണയായി ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാൽ, ചില അവസരങ്ങളിൽ ഇത് ഹൃദയത്തിന് കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കും. രക്തം ആവശ്യത്തിന് പമ്പ് ചെയ്യാൻ ആകാത്ത അവസ്ഥയിൽ ഹൃദയം എത്തിയേക്കാം. അത്തരക്കാർക്ക് ഒരു പക്ഷെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെ ആവശ്യമായി വന്നേക്കാം.