ഫ്ളോറിഡാ: പുതിയ അദ്ധ്യയനവർഷം വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന് ഫ്ളോറിഡാ ഗവർണ്ണറുടെ ഉത്തരവ് ലംഘിച്ച് സ്‌ക്കൂൾ ലീഡർമാർ കുട്ടികളെ മാസ്‌ക്ക് ധരിക്കാൻ നിർബന്ധിച്ചാൽ അവരുടെ ശമ്പളം തടഞ്ഞുവെക്കാൻ മടിക്കുകയില്ലെന്ന് ഫ്ളോറിഡാ ഗവർണ്ണർ വീണ്ടും മുന്നറിയിപ്പു നൽകി. സ്വയമായി മാസ്‌ക്ക് ധരിച്ചാൽ അതിനെ എതിർക്കയില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.

യുവജനങ്ങളിൽ ഡെൽറ്റാ വേരിയന്റ് വർദ്ധിക്കുന്നു എന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളിൽ മാസ്‌ക്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം.

ഡെൽറ്റാ വേരിയന്റ് വ്യാപനം കുട്ടികളിൽ കാണുന്നില്ലായെന്നും, അമേരിക്കയിൽ ഇതുവരെ ഏകദ്ദേശം ഒരു ശതമാനത്തിന് താഴെ മാത്രമേ കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും, അതിൽ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകൾ ഉദ്ധരിച്ചു ഫ്ളോറിഡാ ഗവർണ്ണർ പറയുന്നത്.

അമേരിക്കയിൽ സ്‌ക്കൂളുകളിൽ പോയതിനാൽ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചു എന്ന് ഒരു സംഭവം പോലും റിപ്പോർട്ടു ചെയ്യപ്പെട്ടതായി അറിവില്ലെന്നും, എന്നാൽ സ്‌ക്കൂളിൽ പോകാതെ വീട്ടിലിരുന്ന നിരാശമൂലവും, മറ്റു പല മാനസിക അസ്വസ്ഥത മൂലവും കുട്ടികൾ മരിച്ചസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരണം നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുട്ടികൾ സ്‌ക്കൂളുകളിൽ പോയി പഠിക്കണമെന്ന തീരുമാനം സ്വീകരിച്ചതെന്നും വിശദീകരണം ഉണ്ട്. ടെക്സസ് ഗവർണ്ണറും, ഫ്ളോറിഡാ ഗവർണ്ണറും സ്‌ക്കൂൾ തുറന്ന വിദ്യാർത്ഥികൾ ക്ലാസ്സിൽ വരണമെന്ന് ഉത്തരവിറക്കിയിട്ടുള്ളതാണ്.