കാലിഫോർണിയ : ദീർഘകാലമായി കലിഫോർണിയായിൽ എച്ച്1B വിസയിൽ എൻജിനീയറായി ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശി അന്തുവാൻ കുഴൻഡ സാമി (ANTHUVAN KUZHANDA SAMY -48) ഹൃദ്രോഗത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ ഷെറിൻ സേവ്യറും, മക്കൾ : അനീഷ (19), ജോഷ്വ (12).

പൊതുദർശനം ഓഗസ്റ്റ് 12ന് രാവിലെ 11ന് കാലിഫോർണിയ അലമേഡാ ഫാമിലി ഫൂണറൽ ആൻഡ് ക്രിമേഷൻ (സാംറ്റോഗ) തുടർന്ന് സാൻഒസെ ഓക്ക് ഹിൽ മെമോറിയൽ പാർക്കിൽ സംസ്‌ക്കാരം.അന്തുവാന്റെ മരണത്തോടെ ഭാര്യക്കും മക്കൾക്കും അമേരിക്കയിൽ തുടരുന്നതിനുള്ള നിയമ സാധ്യതയില്ല. രണ്ടു കുട്ടികളും ഇന്ത്യയിലാണു ജനിച്ചത്.

12 വർഷമായി കാലിഫോർണിയായിൽ എൻജിനീയറായി ജോലി ചെയ്തു വരികയാണെങ്കിലും എട്ടു വർഷമായി ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.19 വയസ്സുള്ള അനീഷ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണെങ്കിലും പഠിത്തം തുടരണമെങ്കിൽ F1 വിസ ലഭിക്കണം, മാത്രമല്ല ഇന്റർ നാഷണൽ വിദ്യാർത്ഥികൾ നൽകുന്ന വൻ ട്യൂഷൻ ഫീസും നൽകേണ്ടി വരും.

ഈ പ്രത്യേക സാഹചര്യത്തിൽ ഇവരുടെ സഹായത്തിനായി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.എച്ച്1ബി വിസയിൽ കഴിയുന്നവരിൽ ആരെങ്കിലും മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമാണ് അന്തുവാന്റെ കുടുംബമെന്നു സഹപ്രർത്തകർ പറയുന്നു.