കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവുമൊക്കെയായി പ്രകൃതി തന്നെ മനുഷ്യന് തീരാദുഃഖങ്ങൾ സമ്മാനിക്കുമ്പോൾ അതുകൊണ്ടൊന്നും തൃപ്തനാകാതെ മനുഷ്യൻ തന്നെ പിന്നെയും ദുരന്തങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ പ്ലിമത്തിൽ ഒരു യുവാവ് വെടിവെച്ചു കൊന്നത് സ്വന്തം അമ്മയടക്കം അഞ്ചു പേരെ. കൊലപാതക ശൃംഖലയ്ക്കൊടുവിൽ അതേ തോക്ക് സ്വന്തം ശരീരത്തിനു നേരെ തിരിച്ചുപിടിച്ച് ആത്മഹത്യ ചെയ്യ്യൂകയും ചെയ്തു. മരിച്ചവരിൽ ഒരു അഞ്ച് വയസ്സുകാരി പെൺകുട്ടിയുമുണ്ട്.

നോർത്ത് പ്രോസ്പെക്റ്റിലെ ഒരു പാർക്കിന് സമീപം ഇന്നലെ വൈകിട്ട് 6 മണിക്ക് നടന്ന സംഭവത്തിൽ വളർത്തുനായ്ക്കളേയും കൊണ്ട് നടക്കാനിറങ്ങിയ രണ്ടു പേർക്കും വെടിയേറ്റതായി ദൃക്സാക്ഷികൾ പറയുന്നു. ഡെവൻ ആൻഡ് കോൺവാൾ പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. തികച്ചും ശാന്തമായിരുന്ന ബിഡിക്ക് ഡ്രൈവ് ഈ സംഭവത്തിനു ശേഷം ലോക്ക്ഡൗണിൽ ആയിട്ടുണ്ട്. അടിയന്തര സേവന വിഭാഗം ഈ ഭാഗത്ത് തമ്പടിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഇവിടത്തെ എം പി ല്യുക്ക് പൊള്ളാർഡ് ജനങ്ങളോട് ശാന്തരായി വീടുകൾക്കുള്ളിൽ തന്നെ കഴിയുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായിട്ടാണ് ബ്രിട്ടനിൽ ഇതുപോലൊരു ക്രൂരകൃത്യം ഉണ്ടാകുന്നതെന്ന് ഹോം സെക്രട്ടരി പ്രീതി പട്ടേലും പ്രതികരിച്ചു.അക്രമിയായ യുവാവ് ഉൾപ്പടെ അറു പേർ മരിച്ച സംഭവം പക്ഷെ തീവ്രവാദി ആക്രമണമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിയേറ്റവരിൽ രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആണ് മരണമടഞ്ഞത്. വെടിയൊച്ചയും ഉറക്കെയുള്ള കരച്ചിലും സംഭവ സ്ഥലത്തു നിന്നും ഉയർന്നതായി ചില പരിസരവാസികൾ പറയുന്നു. ചാരനിറത്തിലുള്ള വസ്ത്രമണിഞ്ഞ അക്രമകാരി അടുത്ത വീട്ടിലെ ഒരു സെമി ഓട്ടോമാറ്റിക് ഗണ്ണുമായികയറുന്നത് കണ്ടുവെന്ന് മറ്റൊരു അയൽവാസി പറയുന്നു. അവിടെ അയാൾ ഒരു അമ്മയേയും കുഞ്ഞിനേയും വെടിവെച്ച് വീഴ്‌ത്തി.

ഈ ആക്രമത്തിനു ശേഷം അക്രമി തൊട്ടടുത്ത പാർക്ക് വഴി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ പാർക്കിലെക്ക് തിരിച്ചു വന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് ഇയാൾ രണ്ട് വഴിപോക്കരെ വെടിവെച്ചത്. ഇയാൾ പാർക്കിൽ മടങ്ങിയെത്തിയ ഉടൻ വീണ്ടും വെടിശബ്ദം ഉയർന്നതായും സമീപവാസികൾ പറയുന്നു. കൊല്ലപ്പെട്ടവരെല്ലാം അക്രമിയുടെ കുടുംബാംഗങ്ങൾ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു അക്രമം ഇതിനു മുൻപ് ബ്രിട്ടനിൽ ഉണ്ടായത് 2010-ൽ ആയിരുന്നു. അന്ന് കംബ്രിയയിൽ ഒരു ടാക്സി ഡ്രൈവർ 12 പേരെയാണ് വെടിവെച്ച് കൊന്നത്. മറ്റു 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.