- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഡേണ വാക്സിൻ എടുത്ത് ആറുമാസം കഴിഞ്ഞാൽ ഡെൽറ്റ വകഭേദത്തിനു പിടിച്ചു നിൽക്കാനാവില്ല; മലേറിയയ്ക്കും ലുക്കീമിയയ്ക്കും ഓട്ടോ ഇമ്മ്യുണിനും ഉപയോഗിക്കുന്ന മരുന്നുകൾ ചേർത്താൽ കോവിഡിനു മരുന്നായേക്കുമെന്ന് സൂചിപ്പിച്ച് ലോകാരോഗ്യ സംഘടനയും
അതിഭീകരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ അമേരിക്കയുടെ മൊഡേണ വാക്സിൻ കാര്യക്ഷമമാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. മൊഡേണയുടെ രണ്ടു ഡോസുകളും എടുത്താൽ ദീർഘനാളേയ്ക്ക് സംരക്ഷണം ലഭിക്കും എന്നാണ് പഠനത്തിൽ തെളിഞ്ഞത്. ചുരുങ്ങിയത് ആറുമാസക്കാലമെങ്കിലും മൊഡേണ ഉദ്പാദിപ്പിക്കുന്ന ആന്റിബോഡികൾ ശരീരത്തിൽ സജീവമായിരിക്കും. അതിനൊപ്പം തന്നെ ബ്രിട്ടന്റെ ആൽഫ, ബ്രസീലിന്റെ ഗാമ വകഭേദങ്ങൾക്ക് നേരെയും മൊഡേണ ഫലപ്രദമായ പ്രതിരോധം ഒരുക്കുന്നുണ്ട്.
അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നും ആവിർഭവിച്ച ബീറ്റ വകഭേദത്തിന് എതിരെ മാത്രം ഇതിന് കാര്യമായ പ്രതിരോധം ഉയർത്താൻ ആയില്ല. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ ഈ വകഭേദത്തെ ചെറുക്കാനുള്ള ആന്റിബോഡികൾ രൂപം കൊണ്ടത് 54 ശതമാനം പേരിൽ മാത്രമാണ്. ഈ പഠനം തെളിയിക്കുന്നത് ഡെൽറ്റ വകഭേദത്തെ തടയാൻ ഏറ്റവും ഉത്തമമായ പ്രതിവിധി വാക്സിനാണ് എന്നു തന്നെയാണ്. മൊഡേണ അതിൽ മറ്റു വാക്സിനുകളേക്കാൾ ഒരുപടി മുന്നിലാണ്. നിലവിൽ അമേരിക്കയിലെ കോവിഡ് ബാധിതരിൽ 90 ശതമാനം പേരിലും ഡെൽറ്റ വകഭേദമാണ് കണ്ടെത്തുന്നത്.
വാക്സിനുകൾ കൊറോണക്കെതിരെ പൂർണ്ണ പ്രതിരോധം ഒരുക്കുന്നില്ലെങ്കിലും, രോഗത്തിന്റെ കാഠിന്യം വളരെയേറെ കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണ്. ഇപ്പോഴിതാ രോഗത്തെ പ്രതിരോധിക്കുവാനും വാക്സിന് വലിയൊരു പരിധി വരെ കഴിയുമെന്ന് തെളിഞ്ഞിരിക്കുകയാണ് മൊഡേണ വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത 24 പേരുടെ പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്.
വിവിധ പ്രായക്കാരായവരെ ഉൾപ്പെടുത്തിയായിരുന്നു പഠനം. തെരഞ്ഞെടുക്കപ്പെട്ട 24 പേരിൽ എട്ടുപേർ 18-55 പ്രായപരിധിയിൽ ഉള്ളവരായിരുന്നു. എട്ടുപേർ 55-79 പ്രായ പരിധിയിലുള്ളവരും മറ്റുള്ള എട്ടുപേർ 79 വയസ്സിനു മേൽ പ്രായമുള്ളവരുമായിരുന്നു. ഇവർ മൊഡേണയുടെ ആദ്യ ഡോസ് എടുത്തതിനു ശേഷം നാലാഴ്‌ച്ച കഴിഞ്ഞപ്പോഴാണ് ഇവരുടെ പ്രതിരോധ സംവിധാനം പരിശോധിച്ചത്. പിന്നീട് രണ്ടാം ഡോസ് കഴിഞ്ഞ് രണ്ടാഴ്‌ച്ച, മൂന്നു മാസം, ആറു മാസം എന്നീ കാലയളവുകളിലും സ്ഥിരമായ പരിശോധനകൾ നടന്നു. ശരീരത്തിലെ സ്വയം പ്രതിരോധ സംവിധാനത്തിൽ ആന്റിബോഡികളുടെ ഉദ്പാദനമായിരുന്നു പ്രധാനമായും പഠനവിഷയമാക്കിയത്.
വാകിസിന്റെ ആദ്യ ഡോസിനു ശേഷം തന്നെ ആന്റിബോഡികൾ വികസിച്ചിരുന്നു എന്നു ന്മാത്രമല്ല, ഒരു പരിധിവരെ പ്രതിരോധ ശേഷി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ഡോസിനു ശേഷം ആറാം മാസം പരിശോധിച്ചപ്പോഴും ആന്റിബോഡികൾ സജീവമായിരിക്കുന്നതായി കാണപ്പെട്ടു. ഈ ശുഭവാർത്തയ്ക്കൊപ്പമാണ് കോവിഡ് ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന പുതിയ മരുന്ന് പരിഗണിക്കുന്നു എന്ന വാർത്തയും പുറത്തുവരുന്നത്.
മലേറിയ, ലുക്കേമിയ, ആർത്രിറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യുൺ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ കോവിഡ് ചികിത്സയിൽ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നാണ് സംഘടന കരുതുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ വൈറസുകൾക്കെതിരെയുള്ള അമിത പ്രതികരണം തടഞ്ഞ് രോഗം ഗുരുതരമാകാതെ നോക്കാൻ ഈ ആന്റി ഇൻഫ്ളമേറ്ററി ഔഷധങ്ങൾക്ക് ആകും എന്നാണ് വിദഗ്ദർ പറയുന്നത്.
മറുനാടന് ഡെസ്ക്