സ്വന്തം കാര്യങ്ങളിൽ സ്വയമൊരു തീരുമാനമെടുക്കാൻ മനുഷ്യൻ പ്രായപൂർത്തിയാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മാതാപിതാക്കളുടെയോ രക്ഷകർത്താക്കളുടെയോ അനുമതി ആവശ്യമെന്ന് ആധുനിക നിയമങ്ങൾ അനുശാസിക്കുന്നത്. 16 മുതൽ 18 വയസ്സുവരെയാണ് പല രാജ്യങ്ങളിലും പ്രായപൂർത്തിയാകാനുള്ള പ്രായപരിധി നിയമപ്രകാരം തീരുമാനിച്ചിരിക്കുന്നതും. എന്നാൽ, കേവലം നാല് വയസ്സു മാത്രം പ്രായമുള്ള കുട്ടിക്കുംസ്വന്തം കാര്യം തീരുമാനിക്കാൻ അവകാശം നൽകുന്ന നിയമാവലി ഇപ്പോൾ സ്‌കോട്ട്ലാൻഡിൽ ചർച്ചയായിരിക്കുകയാണ്.

ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ലിംഗമാറ്റം പോലുള്ള അതീവ പ്രാധാന്യമുള്ള കാര്യത്തിലാണ് നാല് വയസ്സുള്ളവർക്ക് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള അവകാശം സ്‌കോട്ട്ലാൻഡ് സർക്കാർ നൽകിയിരിക്കുന്നത്. ഈ പ്രായത്തിലുള്ള ഒരു കുട്ടി ലിംഗമാറ്റം നടത്തണമെന്ന് ആഗ്രഹിച്ചാൽ ആ കുട്ടിയുടെ വാക്കുകൾ ശ്രദ്ധിക്കുകയും അതിനാവശ്യമായ പിന്തുണ നൽകുകയും വേണമെന്നാണ് സ്‌കോട്ടിഷ് സർക്കാരിന്റെ പുതിയ നിർദ്ദേശം.

പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്കാണ് ഈ പുതിയ നിയമത്തിന്റെ ആനുകൂല്യം പ്രധാനമായും ലഭിക്കുക. ലിംഗം എന്ന അസ്തിത്വം ഒരു വ്യക്തിയിൽ ഉടലെടുക്കുന്നതും വികാസം പ്രാപിക്കാൻ ആരംഭിക്കുന്നതും ഈ പ്രായത്തിലായതിനാലാണ് ഇത്തരത്തിലുള്ള പുതിയ നിർദ്ദേശം എന്ന് സർക്കാർ വ്യക്തമാക്കുന്നു. അതുപോലെ പ്രൈമറി സെക്കണ്ടറി പാഠ്യപദ്ധതിയിൽ ലിംഗമാറ്റം വരുത്തിയവരുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഇത് വിദ്യാർത്ഥികളെ അവരുടെ വഴി തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കും എന്നാണ് പറയുന്നത്. അതുപോലെ ലിംഗഭേദമില്ലാതെ ഏകീകൃത യൂണിഫോം സ്‌കൂളുകളിൽ നടപ്പാക്കുന്ന കാര്യവും പരിഗണനയിലാണ്.

എന്നാൽ, ഈ പുതിയ നിർദ്ദേശം വൻ വിവാദമായിരിക്കുകയാണ്. ജീവിതം എന്തെന്നു പോലും അറിയാത്ത പ്രായത്തിൽ, ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാവുന്ന തീരുമാനങ്ങൾ കുട്ടികൾ സ്വയം എടുക്കുന്നതിലെ ബുദ്ധിശൂന്യതയാണ് ഇതിനെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, പ്രൈമറി തലത്തിൽ പല കുട്ടികളുടെയും ലിംഗ അസ്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അതിനെ ചെറുക്കാൻ, അവരിൽ സ്വാഭിമാനം ഉയർത്താൻ ഇത്തരത്തിലുള്ള നടപടികൾ സഹായിക്കും എന്നുമാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.

സ്‌കൂളുകളിൽ കുട്ടികൾ തന്റെ പേര് മാറ്റണമെന്നും എതിർലിംഗത്തിൽ പെട്ടവരായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാൽ ഔപചാരികതകൾ ഒന്നുമില്ലാതെ തന്നെ അത് ഉടനടി നിറവേറ്റണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി മാതാപിതാക്കളുടെ സമ്മതം തേടണമെന്ന് നിർദ്ദേശത്തിലില്ല.