ഡാളസ് : ഡാളസ്സിൽ കോവിഡ് വ്യാപിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ ഡാളസ് കൗണ്ടിയിലെ എല്ലാ പബ്ലിക്ക് സ്‌ക്കൂളുകളിലും, പൊതുസ്ഥാപനങ്ങളിലും മാസ്‌ക്ക് നിർബന്ധമാക്കികൊണ്ട് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് ഓഗസ്റ്റ് 11 ബുധനാഴ്ച അടിയന്തിര ഉത്തരവിറക്കി.

മാസ്‌ക്ക് മാൻഡേറ്റ് പൂർണ്ണമായും ഒഴിവാക്കികൊണ്ട് ടെക്സസ് ഗവർണ്ണർ പുറത്തിറക്കിയ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഡാളസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കൗണ്ടി ജഡ്ജിയും, വിദ്യാർത്ഥികളുടെ ചില രക്ഷാകർത്താക്കളും ചേർന്നാണ് ഗവർണ്ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡാളസ് കൗണ്ടിയും, ബെക്ലർ കൗണ്ടിയുമാണ് കോടതിയിൽ മാസ്‌ക് മാൻഡേറ്റ് ആവശ്യപ്പെട്ടു ഹർജി നൽകിയത്. ഡാളസ് ജഡ്ജി ടോണിയ പാർക്കർ ഇവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാൻ അന്റോണിയായിലും ജഡ്ജി അന്റോണിയൊ ആർട്ടിയേഗ ഗവർണ്ണറുടെ ഉത്തരവിന് താൽക്കാലിക സ്റ്റേ നൽകിയിട്ടുണ്ട്.

സാൻഅന്റോണിയായിലും പബ്ലിക്ക് സ്‌ക്കൂളുകളിൽ മാസ്‌ക്ക് മാൻഡേറ്റ് ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സാൻഅന്റോണിയൊ മെട്രോപൊലീറ്റൻ ഹെൽത്ത് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഡയറക്ടർ ഡോ.ജുൻഡൊവ് അറിയിച്ചു.

മാസ്‌ക്കിന് ആരേയും നിർബന്ധിക്കരുതെന്ന് ഗവർണ്ണർ ഉത്തരവിട്ടിരുന്നുവെങ്കിലും, സ്വയം മാസ്‌ക്ക് ധരിക്കുന്നതിന് യാതൊരു തടസ്സവും ഇല്ലായെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.