പ്രവചനങ്ങളേയും പ്രതീക്ഷകളേയും നിഷ്പ്രഭമാക്കി ബ്രിട്ടനിൽ കോവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഇന്നലെ ബ്രിട്ടനിൽ 33,074 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 9.5 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിവാര താരതമ്യത്തിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് ഇത് തുടർച്ചയായ ഏഴാം ദിവസമാണ്. മൂന്നാം തരംഗം അവസാനത്തിലെത്തിയിരിക്കുന്നു എന്ന നിഗമനമാണ് ഇതോടെ തകരുന്നത്.

കോവിഡ് മരണനിരക്കിലും കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 94 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ 9.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധിച്ചതിനു ശേഷം മരണം സംഭവിക്കാൻ ആഴ്‌ച്ചകൾ എടുക്കുമെന്നതിനാൽ വരും വാരങ്ങളിൽ മരണനിരക്ക് ഇനിയും വർദ്ധിക്കുവാനാണ് സാധ്യത. കോവിഡ് ബാധിച്ച് ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ ആദ്യം കുറവു രേഖപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അവിടെയും വർദ്ധനവ് ദൃശ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

കോവിഡ് സിംപ്ടം ആപ്പിൽ നിന്നുള്ള വിവരങ്ങളും കാണിക്കുന്നത് ഓഗസ്റ്റ് 7 വരെ രോഗവ്യാപനതോത് കുറയാൻ ആരംഭിച്ചതിനു ശേഷം തുടർച്ചയായി അത് ഉയരുകയാണ് എന്നാണ്. എന്നാൽ, മറ്റൊരു തരംഗത്തിന് ആരംഭം കുറിക്കുമോ എന്നറിയാൻ ഇനിയും കുറേനാൾ കൂടി കാത്തിരിക്കേണ്ടി വരും എന്നാണ് കിങ്സ് കോളേജിലെ എപിഡെർമോളജിസ്റ്റ് പ്രൊഫസർ ടിം സ്പെക്ടർ പറയുന്നത്. 60 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കിടയിൽ രോഗവ്യാപനം ചെറിയ തോതിലെങ്കിലും വർദ്ധിക്കാൻ തുടങ്ങിയതും ആശങ്ക ഉണർത്തുന്നുണ്ട്. ആദ്യമാദ്യം വാക്സിൻ എടുത്തവരിൽ പ്രതിരോധ ശെഷി ദുർബലപ്പെടുന്നതാവാം ഇതിനു കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്.

സത്യത്തിൽ ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന്റെ നിജസ്ഥിതി ശാസ്ത്രജ്ഞന്മാർക്ക് ഇനിയും മനസ്സിലാക്കാൻ ആയിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന ഒരു വസ്തുത. അതുകൊണ്ടു തന്നെ അടുത്ത ഏതാനും ആഴ്‌ച്ചകളിൽ എന്തു സംഭവിക്കുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. അതിനിടെ സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കുന്നതോടെ വ്യാപനതോത് കുത്തനെ ഉയരുമെന്ന മുന്നറിയിപ്പും ഈ രംഗത്തെ ചില വിദഗ്ദർ നൽകുന്നുണ്ട്.

കഴിഞ്ഞ രണ്ടാഴ്‌ച്ചകളായി രോഗവ്യാപന തോത് കുറഞ്ഞുവരികയായിരുന്നു. എന്നാൽ അത് വീണ്ടും ഉയരാൻ തുടങ്ങിയതോടെ കാരണമറിയാതെ കുഴയുകയാണ് ശാസ്ത്രലോകം. അതേസമയം വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരിൽ രോഗവ്യാപനം കുറയുന്നുണ്ട് എന്ന വസ്തുത വാക്സിന്റെ ഫലപ്രാപ്തി അടിവരയിട്ട് തെളിയിക്കുന്നുണ്ട്., ഇതുമാത്രമാണ് ഇന്നത്തെ സാഹചര്യത്തിൽ ബ്രിട്ടന് അല്പമെങ്കിലും ആശ്വാസം നൽകുന്നത്.,