- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയെ വെള്ളപൂശാൻ ഇറങ്ങിയ ലോകാരോഗ്യ സംഘടനയുടെ പ്രധാനിക്ക് ഒടുവിൽ മനംമാറ്റം; പേഷ്യന്റ് സീറോ ആയി കണ്ടെത്തിയ വ്യക്തി വുഹാൻ ലാബിലെ ജീവനക്കാരൻ ആകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞൻ
കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ചൈനയെ വെള്ളപൂശിയ ലോകാരോഗ്യ സംഘടനയുടെ പരിശോധന സംഘത്തിന്റെ തലവന് മനംമാറ്റം ഉണ്ടായിരിക്കുന്നു. ലോകത്തിലെ ആദ്യ കോവിഡ് രോഗിയായി കരുതപ്പെടുന്ന വ്യക്തിക്ക് വുഹാൻ ലാബിൽ നിന്നായിരിക്കാം വവ്വാലിൽ നിന്നും രോഗം പകർന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ തലവൻ ഡോക്ടർ പീറ്റർ എംബരേക്ക് പറയുന്നത്. വൈറസ് ലാബിൽ നിന്നും രക്ഷപ്പെട്ടതാകാൻ ഒരു വഴിയും ഇല്ല എന്നായിരുന്നു നേരത്തേ അന്വേഷണ സംഘം ഉറപ്പിച്ചു പറഞ്ഞിരുന്നത്.
എന്നാൽ, വൈറസ് ലാബിൽ നിന്നും രക്ഷപ്പെട്ടതാണ് എന്ന സിദ്ധാന്തം ശരിയാകുവാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. മാത്രമല്ല, ആദ്യമായി ഇത് ബാധിച്ചത് ലാബിലെ ഒരു ഗവേഷകനേയും ആകാം. വവാലിൽ നിന്നും വൈറസ് സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിലായിരിക്കാം ഇത് സംഭവിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറയുന്നു. ഡെന്മാർക്കിലെ ടി വി 2 എന്ന ചാനലിലായിരുന്നു അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കോവിഡ് പൊട്ടിപ്പുറപ്പെട്ട ഉടനെ അത് ലോകരാജ്യങ്ങളേയോ ലോകാരോഗ്യ സംഘടനയേയോ അറിയിച്ച് വ്യാപനം തടയുവാൻ ചൈന ശ്രമിച്ചില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. 2019ഡിസംബറിനു മുൻപായി വുഹാനിലോ ചൈനയിലെ മറ്റേതെങ്കിലും ഭാഗങ്ങളിലോ കോവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല എന്നായിരുന്നു ഡോ. എംബരെക് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ആഴ്‌ച്ചകൾക്കകം തന്നെ അദ്ദേഹം അത് തിരുത്തുകയുണ്ടായി. ഡിസംബറിൽ വുഹാനിൽ ചുരുങ്ങിയത് 13 രോഗികളെങ്കിലും ഉണ്ടായിരുന്നതായി പിന്നീട് അദ്ദേഹം പറഞ്ഞു.
ഡിസംബർ ആദ്യ വാരത്തിൽ തന്നെ വുഹാനിൽ ചുരുങ്ങിയത് 1000 പേർക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന് ചൈന ഔദ്യോഗികമായി അവകാശപ്പെടുന്ന വുഹാനിലെ മാംസ മാർക്കറ്റ് വുഹാൻ ലാബിൽ നിന്നും അധികം ദൂരെയല്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, വുഹാൻ ലാബിൽ വവ്വാലിലുള്ള വൈറസുകളെ കുറിച്ചുള്ള വിവിധ പഠനങ്ങൾ നടക്കുന്നുണ്ട് താനും. ഇതെല്ലാമാണ് കോവിഡ് വ്യാപനത്തിലേക്ക് വുഹാൻ ലാബിന്റെ പേരും വരാൻ ഇടയാക്കിയത്.
എന്നാൽ, ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ കോവിഡ് വ്യാപനത്തിൽ വുഹാൻ ലാബിനുള്ള പങ്ക് പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു. അന്ന് അന്വേഷകർ പറഞ്ഞിരുന്നത് വവ്വാലിൽ ഉള്ള വൈറസ് മനുഷ്യനിലെക്ക് എത്തുന്നതിനു മുൻപായി മറ്റൊരു ജീവിയിൽ പ്രവേശിച്ചിരുന്നു എന്നായിരുന്നു. ആ ജീവിയിൽ നിന്നുമാണ് മനുഷ്യനിലെത്തിയത് എന്നും അവർ പറഞ്ഞിരുന്നു. ചൈനയെ വെള്ള പൂശാനുള്ള റിപ്പോർട്ട് എന്ന് ആരോപിച്ച് അമേരിക്ക ഈ റിപ്പോർട്ടിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.
ഈ അന്വെഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ കാലതാമസം എടുത്തതും ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കീയിരുന്നു. ചൈനയെ സഹായിക്കുവാനാണ് റിപ്പോർട്ട് വൈകിക്കുന്നത് എന്നായിരുന്നു പ്രധാന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ