തിരുവനന്തപുരം: ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൻസയുടെ  മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച നടപടി വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നിയന്ത്രണ നിയമത്തിൽ അടിസ്ഥാനത്തിലാണോയെന്ന് സർക്കാർ പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാനത്ത് നിലനിൽക്കുന്ന വഴിയോര കച്ചവട ഉപജീവന സംരക്ഷണ ചട്ടമനുസരിച്ച് മുൻസിപ്പാലിറ്റി തൊഴിലാളികളുടെ സർവ്വേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം. നഗരത്തിൽ കച്ചവടം ചെയ്യാൻ കഴിയുന്ന മേഖലകളും, അനുവദിക്കാൻ കഴിയാത്ത മേഖലകളും വേർതിരിച്ച് വിജ്ഞാപനം ചെയ്യണം. ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നിയമപ്രകാരമുള്ള നോട്ടീസ് നൽകിയാണോ ഒഴിപ്പിക്കൽ നടത്തിയതെന്ന് സർക്കാർ പരിശോധിക്കും.

ഒഴിപ്പിക്കലിന്റെ ഭാഗമായി പിടിച്ചെടുത്ത മത്സ്യങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിന് പകരം നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ചട്ടവിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അൽഫോൻസക്കെതിരെ എടുത്ത കേസ് പിൻവലിക്കണം: രമേശ് ചെന്നിത്തല

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അൽഫോൻസയുടെ അഞ്ച് തെങ്ങിലെ വിട് സന്ദർശിച്ചു. ഉപജീവനത്തിനായി വഴിയോര മത്സ്യ ബന്ധനം നടത്തിയ അൽഫോൻസക്കെതിരെ കേസ് എടുത്ത നടപടി പിൻവലിക്കണമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വാദിയെ പ്രതിയാക്കുന്ന സമീപനം ശരിയല്ല നഗരസഭ ജീവനക്കാരാണു ഇവരെ ഉപദ്രവിച്ചതും അവരുടെ മത്സ്യം വലിച്ചെറിഞ്ഞതും എന്നിട്ടും അവർക്കെതിരെ കേസ് എടുത്തത് ശരിയായ നടപടിയല്ല ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ഇവർക്ക് മതിയായ ധനസഹായം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷം തീരമേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിന് ഒന്നും ചെയ്യുവാൻ കഴിഞ്ഞിട്ടില്ല എന്നും അഞ്ചുതെങ്ങ് സ്വദേശിനിയായ മേരി എന്ന മത്സ്യത്തൊഴിലാളിയെ പാരിപ്പള്ളിയിൽ വച്ച് പൊലീസാക്രമിച്ച സംഭവത്തിൽ സർക്കാർ മാതൃകാപരമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ആറ്റിങ്ങൽ നഗരസഭ ഈ കൃത്യം നടത്തുവാൻ മുതിരില്ലായിരുന്നു എന്ന് രമേശ് ചെന്നിത്തല കൂട്ടി ചേർത്തു.

മുൻ മന്ത്രി വി എസ് ശിവകുമാർ കെ. പി.സി.സി സെക്രട്ടറി എം.എ ലത്തീഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ ആനന്ദ്, കെ.എസ്.അജിത് കുമാർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് ,ബ്ലോക്ക് പ്രസിഡന്റ് എച്ച്.പി ഷാജി, മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, പഞ്ചായത്തംഗങ്ങളായയേശുദാസ് , ഷീമ, ദിവ്യ എന്നിവർ ഒപ്പമുണ്ടായിരുന്നു