ആലപ്പുഴ: ഇന്ന് ഓഗസ്റ്റിലെ രണ്ടാം ശനി. നെഹ്‌റു ട്രോഫി ജലോത്സവം നടക്കേണ്ട ദിവസം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറിയും വള്ളംകളി ഇല്ല. തുടർച്ചയായ നാലാം വർഷമാണ് നെഹ്‌റു ട്രോഫി ജലോത്സവം നടക്കാത്ത രണ്ടാം ശനിയാഴ്ച നിറംമങ്ങി കടന്നുപോകുന്നത്. രണ്ടു വർഷമായി ജലോത്സവം നടന്നിട്ടുമില്ല. 2018 ലെ പ്രളയകാലമാണ് മാറ്റത്തിനു കാരണമായത്. 2018 ലെ ആദ്യ വെള്ളപ്പൊക്കം കാരണം നെഹ്‌റു ട്രോഫി ജലോത്സവം മാറ്റി.

ഓഗസ്റ്റ് 15 ന് രണ്ടാം വെള്ളപ്പൊക്കവും ചതിച്ചതോടെ ജലോത്സവം ഓഗസ്റ്റ് കടന്ന് നവംബറിലേക്കു മാറ്റേണ്ടി വന്നു. 2019 ലും പ്രളയം ആവർത്തിച്ചെങ്കിലും നെഹ്‌റു ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗും (സിബിഎൽ) രണ്ടാഴ്ച വൈകി, ഓഗസ്റ്റ് 31 ന് നടത്തി. കഴിഞ്ഞ വർഷം സിബിഎല്ലിന്റെ രണ്ടാം എഡിഷൻ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് കോവിഡ് വ്യാപകമായത്.

അടുത്ത വർഷം നടക്കേണ്ടത് 70ാം നെഹ്‌റു ട്രോഫി ജലോത്സവമാണ്. കേരള ടൂറിസത്തിന്റെയും ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയുടെയും തിരിച്ചുവരവിനു കളമൊരുക്കി വീണ്ടും പുന്നമടയിൽ ആർപ്പും ആരവവും ഉയരുമെന്ന പ്രതീക്ഷയാണ് വള്ളം ഉടമകൾക്കും ക്ലബ്ബുകൾക്കും ഇപ്പോഴുള്ളത്.