ബ്രിട്ടനെ ഞെട്ടിച്ച കൊലപാതക സംഭവമാണ് കഴിഞ്ഞ ദിവസം പ്ലീമൗത്തിൽ നടന്നത്. സ്വന്തം അമ്മ ഉൾപ്പെടെ അഞ്ചു പേരെയാണ് 22 വയസുകാരനായ യുവാവ് വെടിവെച്ചു കൊന്നത്. ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയും ആയിരുന്നു. ഇപ്പോഴിതാ, ജേക്ക് ഡേവിഡ്‌സൺ എന്ന ഈ യുവാവിനെ കൊലപാതകങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ച കാരണം പുറത്തു വന്നിരിക്കുകയാണ്. ജേക്കിന് 22 വയസായിട്ടും ഒരു ഗേൾ ഫ്രണ്ടിനെ കിട്ടാത്തതാണ് ഇയാളെ നിരാശനാക്കിയത്. ബോഡി ബിൽഡർ കൂടിയായ ഇയാൾ തടിച്ച വൃത്തികെട്ട രൂപമാണ് തനിക്കെന്നും അതിനാൽ ഗേൾഫ്രണ്ടിനെ കിട്ടാത്തതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാത്തതുമാണ് ഇയാളെ നിരാശനാക്കിയത്. ഇയാൾ ഇക്കാര്യം പറയുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ഇതിൽ അത്യധികം നിരാശ ബാധിച്ചതാണ് സ്വന്തം അമ്മയും മൂന്നു വയസുകാരിയുമടക്കം അഞ്ചു പേരെ നിറയൊഴിച്ചു കൊല്ലുന്നതിലേക്ക് ജേക്കിനെ നയിച്ചത്. 51കാരിയായ അമ്മ മാക്‌സിനെ ഡെവൺ സിറ്റിയിലെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയ ജേക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന മൂന്നു വയസുകാരി സോഫി മാർട്ടിനെയും പിതാവ് 43കാരൻ ലീയ്ക്കു നേരെയും വെടിയുതിർക്കുകയായിരുന്നു. ഇതിനു ശേഷം നടത്തം തുടർന്ന ജേക്ക്, 59കാരനായ സ്റ്റീഫൻ വാഷിങ്ടണിനെയും സലോണിൽ നിന്നും ഇറങ്ങിവരികയായിരുന്ന 66കാരൻ കേയ്റ്റ് ഷെപ്പേർഡിനു നേരെയും വെടിവെച്ചു.

വളർത്തു നായകളെയും കൊണ്ടു വരികയായിരുന്നു സ്റ്റീഫൻ വാഷിങ്ടൺ. ഇയാൾക്കു നേരെ വെടിയുതിർന്നപ്പോൾ ഭയന്നു പോയ നായകൾ ഓടി വീട്ടിലെത്തുകയും ബഹളം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് അപായ സൂചന നൽകുകയും ചെയ്തിരുന്നു. അപകടം അറിഞ്ഞ് പൊലീസ് എത്തും മുന്നേ കൊലപാതക ശൃംഖലയ്‌ക്കൊടുവിൽ അതേ തോക്ക് സ്വന്തം ശരീരത്തിനു നേരെ തിരിച്ചുപിടിച്ച് ജേക്ക് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. വെറും ആറുമിനുട്ടിനുള്ളിലാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.

വെടിയേറ്റവരിൽ രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ആണ് മരണമടഞ്ഞത്. വെടിയൊച്ചയും ഉറക്കെയുള്ള കരച്ചിലും സംഭവ സ്ഥലത്തു നിന്നും ഉയർന്നതായി ചില പരിസരവാസികൾ പറയുന്നു. ചാരനിറത്തിലുള്ള വസ്ത്രമണിഞ്ഞ അക്രമകാരി അടുത്ത വീട്ടിലെ ഒരു സെമി ഓട്ടോമാറ്റിക് ഗണ്ണുമായി കയറുന്നത് കണ്ടുവെന്ന് മറ്റൊരു അയൽവാസി പറയുന്നു. ഈ ആക്രമത്തിനു ശേഷം അക്രമി തൊട്ടടുത്ത പാർക്ക് വഴി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാൾ പാർക്കിലെക്ക് തിരിച്ചു വന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് ഇയാൾ രണ്ട് വഴിപോക്കരെ വെടിവെച്ചത്. ഇയാൾ പാർക്കിൽ മടങ്ങിയെത്തിയ ഉടൻ വീണ്ടും വെടിശബ്ദം ഉയർന്നതായും സമീപവാസികൾ പറയുന്നു.

താൻ സ്വയം വെറുക്കുന്നുവെന്നും ഇപ്പോഴും വിർജിൻ ആയി തുടരുന്നതിൽ അമ്മയാണ് കുറ്റക്കാരിയെന്നുമെല്ലാം ജേക്ക് റെഡ്ഡിറ്റ് അക്കൗണ്ടിലൂടെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ കാൻസർ ബാധിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്ത സ്ത്രീയായിരുന്നു ജേക്കിന്റെ മാതാവ്. ജേക്കിന്റെ ഒരു സഹോദരിയും സഹോദരനും ഇതേ സിറ്റിയിൽ തന്നെ താമസിക്കുന്നുണ്ട്.

നോർത്ത് പ്രോസ്‌പെക്റ്റിലെ ഒരു പാർക്കിന് സമീപം വ്യാഴാഴ്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. തികച്ചും ശാന്തമായിരുന്ന ബിഡിക്ക് ഡ്രൈവ് ഈ സംഭവത്തിനു ശേഷം ലോക്ക്ഡൗണിൽ ആയിട്ടുണ്ട്. അടിയന്തര സേവന വിഭാഗം ഈ ഭാഗത്ത് തമ്പടിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഇവിടത്തെ എം പി ല്യുക്ക് പൊള്ളാർഡ് ജനങ്ങളോട് ശാന്തരായി വീടുകൾക്കുള്ളിൽ തന്നെ കഴിയുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ ആദ്യമായിട്ടാണ് ബ്രിട്ടനിൽ ഇതുപോലൊരു ക്രൂരകൃത്യം ഉണ്ടാകുന്നതെന്ന് ഹോം സെക്രട്ടരി പ്രീതി പട്ടേലും പ്രതികരിച്ചു.

ഇത്തരത്തിൽ ഒരു അക്രമം ഇതിനു മുൻപ് ബ്രിട്ടനിൽ ഉണ്ടായത് 2010-ൽ ആയിരുന്നു. അന്ന് കംബ്രിയയിൽ ഒരു ടാക്‌സി ഡ്രൈവർ 12 പേരെയാണ് വെടിവെച്ച് കൊന്നത്. മറ്റു 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.