- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂസൗത്ത് വെയ്ൽസ് സംസ്ഥാന വ്യാപകമായി ലോക് ഡൗണിലേക്ക്; ഇന്ന് വൈകുന്നേരം മുതൽ കർശന നിയന്ത്രണങ്ങൾ; 466 പുതിയ കോവിഡ് കേസുകൾ കൂടി
ദൈനംദിന കേസുകൾ സർവകാല റെക്കോഡിലേക്ക് ഉയർന്ന സാഹചര്യത്തിലേക്ക് എത്തിയതോടെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന വ്യാപകമായി ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണിലേക്ക് നീങ്ങും.
ന്യൂ സൗത്ത് വെയിൽസിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമായി മാറുകയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. 466 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതിനൊപ്പം, നാലു പേർ കൂടി മരിക്കുകയും ചെയ്തു.
കൊറോണവൈറസ് ബാധ തുടങ്ങിയ ശേഷമുള്ള ഏറ്റവും ആശങ്കാജനകമായ ദിവസമാണ് ഇതെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.24 മണിക്കൂറിൽ 466 പേർക്കാണ് പ്രാദേശികമായി കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചത്.
ഒറ്റ ദിവസം കൊണ്ട് പുതിയ കേസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വർദ്ധനവും ഇതാണെന്ന് പ്രീമിയർ പറഞ്ഞു. 390 കേസുകളായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.സ്ഥിതി ഗുരുതരമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചു.
സ്റ്റേ അറ്റ് ഹോം എന്ന പേരിൽ പൊലിസ് കർശന പരിശോധനകൾ തുടങ്ങും.
500 അധിക സൈനികരുടെ സഹായത്തോടെയാകും ഇത്.കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കുള്ള പിഴ വൻതോതിൽ കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഹോം ക്വാറന്റൈൻ ലംഘിച്ചാൽ 5,000 ഡോളർ ഉടനടി പിഴ,പെർമിറ്റുകൾക്കായി കള്ളം പറഞ്ഞാൽ 5,000 ഡോളർ ഉടനടി പിഴ,കോൺടാക്ട് ട്രേസിംഗിൽ കള്ളം പറഞ്ഞാൽ 5,000 ഡോളർ ഉടനടി പിഴ,വ്യായാമത്തിനിറങ്ങുമ്പോൾ രണ്ടു പേരിൽ കൂടുതൽ ഒരുമിച്ചാൽ 3,000 ഡോളർ ഉടനടി പിഴ, ഉൾനാടൻ പ്രദേശങ്ങളിലേക്കു പോകുന്നതിനുള്ള നിയന്ത്രണം ലംഘിച്ചാൽ 3,000 ഡോളർ ഉടനടി പിഴ എന്നിങ്ങനെയാണ് പുതിയ പിഴ.
ഗ്രേറ്റർ സിഡ്‌നി മേഖലയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനുള്ള ദുരപരിധിയും വെട്ടിക്കുറച്ചിട്ടുണ്ട്.വ്യായാമത്തിനോ, ഷോപ്പിംഗിനോ ആയി വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. നിലവിൽ ഇത് 10 കിലോമീറ്ററാണ്.
ഒറ്റയ്ക്ക് ജീവിക്കുന്നവർക്കുള്ള സിംഗിൾസ് ബബ്‌ളിൽ, ആരെയാണ് കാണുന്നത് എന്നത് രജിസ്റ്റർ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു.കോവിഡ് ബാധ അതീവ രൂക്ഷമായ കൗൺസിലുകളിൽ പരിശോധന നടത്തിയ ശേഷം വീട്ടിലിരിക്കുന്നവർക്ക് 320 ഡോളർ സാമ്പത്തിക സഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വരുമാനം നഷ്ടമാകുന്നവർക്കാണ് ഈ സഹായം.