ന്യൂഡൽഹി: ഓഗസ്റ്റ് 11ന് രാജ്യസഭയിൽ നടന്ന സംഭവങ്ങളെ കുറിച്ച് നീതിപൂർവ്വകമായ അന്വേഷണം നടത്തണമെന്നും ഇതുസംബന്ധിച്ച് ചില വിവരങ്ങൾ മാത്രം പുറത്തുനല്കുന്ന രീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പാർലമെന്ററി പാർട്ടി ലീഡർ ബിനോയ് വിശ്വം രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്കി.

താനുൾപ്പെടെയുള്ള സഭാംഗങ്ങളെ അജ്ഞാതരായ ചിലർ ചേർന്ന് കയ്യേറ്റം ചെയ്യുകയുണ്ടായി. ജനറൽ ഇൻഷുറൻസ് ബിൽ പാസ്സാക്കുന്നതിനുള്ള നടപടി പ്രതിപക്ഷാംഗങ്ങൾ ചോദ്യം ചെയ്തത് അടിച്ചമർത്തുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു കയ്യേറ്റം ഉൾപ്പെടെയുണ്ടായത്. ബിൽ സെലക്ട് കമ്മിറ്റിക്കയക്കണമെന്ന പ്രതിപക്ഷത്തിന്റെയും ഭരണമുന്നണിയിലെ സഖ്യകക്ഷികളുടെയും നിരന്തരമുള്ള ആവശ്യം നിരാകരിച്ചുകൊണ്ടാണ് ഈ കയ്യേറ്റമുണ്ടായത്.

ജനവിരുദ്ധമായ നിയമനിർമ്മാണ ശ്രമമാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. ഇതിന് ശേഷം കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിശദീകരണങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രാജ്യസഭയുടെ അധികാരത്തെ അവഹേളിച്ചുകൊണ്ട് ധൃതിയിൽ അവശ്യ പ്രതിരോധ സേവന നിയമം ഉൾപ്പെടെ നിയമനിർമ്മാണം നടത്തുന്നതിനുള്ള സർക്കാർ ശ്രമമാണ് ഇത്തരം സംഭവങ്ങൾക്കു കാരണമായത്. അതുകൊണ്ട് ഇതു സംബന്ധിച്ച അന്വേഷണം നീതിപൂർവകമായിരിക്കണമെന്നും പ്രതിപക്ഷാംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് മാത്രം ഉദ്ദേശിച്ചുള്ളതാവരുതെന്നും കത്തിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.