കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചടക്കിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താലിബാൻ കാബൂളിൽ പ്രവേശിച്ചതോടെ ഗനിയും അദ്ദേഹത്തോട് അടുത്ത ഏതാനും പേരും രാജ്യം വിട്ടതായി അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. തജിക്കിസ്താനിലേക്ക് പോയതായാണ് സൂചന.അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു.

രാജ്യംവിടുന്നതിനു മുൻപ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്. ദോഹയിലുള്ള താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗാനി ബർദാർ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായേക്കും. കാബൂളിൽനിന്ന് താജിക്കിസ്താനിലേക്കാണ് അഷ്റഫ് ഗനി പോയതെന്നാണ് വിവരം. ഇക്കാര്യം സർക്കാർ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും പലായനം ചെയ്തതായാണ് വിവരം. കാബൂൾ എല്ലാ വശത്ത് നിന്നും താലിബാൻ വളഞ്ഞതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരായി. രക്തച്ചൊരിച്ചിൽ ഒഴിവാക്കി അധികാരം കൈമാറിയതിന് പിന്നാലെ പ്രസിഡന്റ് അടക്കമുള്ളവർ പലായനം ചെയ്യുകയായിരുന്നു.

അതിനിടെ, താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗാനി ബർദാർ ദോഹയിൽനിന്ന് കാബൂളിലേക്ക് തിരിച്ചതായി താലിബാൻ വക്താവ് വ്യക്തമാക്കി. അധികാര കൈമാറ്റം നടക്കുന്നതോടെ ബർദാർ അഫ്ഗാൻ പ്രസിഡന്റാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാബൂളിലേക്കു പ്രവേശിച്ച താലിബാൻ നാലുഭാഗവും വളഞ്ഞിരിക്കുകയാണ്. പ്രസിഡന്റുമായി കൊട്ടാരത്തിലെത്തി ചർച്ച നടത്തുകയാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ട് വന്നതും. അതേസമയം താലിബാൻ അവരുടെ കൊടി നാട്ടുകയോ കാബൂളിന്റെ അധികാരം ഔദ്യോഗികമായി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.

കാബൂളിലേക്ക് താലിബാൻ ഭീകരർ പ്രവേശിച്ചതോടെ അധികാരമൊഴിയാൻ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സത്താർ മിർസാക്ക്വൽ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തരാവരുത്. കാബൂൾ നഗരത്തിൽ ആക്രമണങ്ങൾ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് രാജ്യം വിട്ടതായുള്ള വാർത്ത പുറത്ത് വന്നത്.

പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. രക്തച്ചൊരിച്ചിലില്ലാതെ അധികാരകൈമാറ്റം വേണമെന്ന നിർദ്ദേശം താലിബാൻ മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്ന് ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുക കൂടി ചെയ്തതോടെ അഫ്ഗാൻ എല്ലാ അർത്ഥത്തിലും താലിബാന്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്.

യുഎസ് ഹെലികോപ്റ്ററുകൾ നിലവിൽ കാബൂൾ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. കാബൂൾ ഇപ്പോൾ പൂർണ അരാജകത്വത്തിലാണെന്നാണ് അവിടെനിന്നുള്ള വിവരം. കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്തുകൊണ്ടുപോയി തുടങ്ങി. പൗന്മാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. സ്‌പെയിനും പൗരന്മാർക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു. എംബസി അടയ്ക്കില്ലെന്ന് പറഞ്ഞ റഷ്യ യുഎൻ രക്ഷാ സമിതിയിൽ അഫ്ഗാൻ വിഷയം ഉടൻ ചർച്ച ചെയ്യുമെന്ന് അറിയിച്ചു. രാഷ്ട്രീയ പരിഹാരമാണ് അഫ്ഗാനിൽ വേണ്ടതെന്നായിരുന്നു നാറ്റോയുടെ പ്രതികരണം. അഭയർഥികളെ താൽക്കാലികമായി സ്വീകരിക്കാൻ ഇറാനും അൽബേനിയയും തയ്യാറായിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തു വേണം എന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.