തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്. ദേശീയതയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേർക്കുമെതിരെ കേസെടുത്തത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രൻ തെറ്റായ രീതിയിൽ പതാക ഉയർത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയർത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തിൽ ഉയർത്തി.

ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.