മല്ലപ്പള്ളി: അനാഥാലയത്തിലെ 200ലധികം പേർക്ക് കോവിഡ് ബാധിച്ചതോടെ അന്തേവാസികൾ ദുരിതത്തിൽ. രോഗം പിടിപെട്ട ജീവനക്കാർ വീടുകളിലേക്ക് പോയതോടെ ഭക്ഷണം പാകം ചെയ്യാൻപോലും ആളില്ലാതെ വന്നതോടെ മുഴു പട്ടിണിയിലാണ് ഇവിടുത്തെ അന്തേവാസികൾ. നെല്ലിമൂട് ശാലോം കാരുണ്യഭവൻ അനാഥാലയത്തിലെ അന്തേവാസികളാണ് ദുരിതം അനുഭവിക്കുന്നത്.

ഇവിടുത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കോവിഡ് ബാധിതനായ അന്തേവാസിയിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.

മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തിൽ കഴിയുന്നത്. എല്ലാവർക്കും ഒരു മാസം മുൻപ് രണ്ടാമത്തെ വാക്സിനും എടുത്തിരുന്നു. എന്നിട്ടും രോഗം ബാധിച്ചത് ആശങ്കയുണർത്തുന്നുണ്ട്. സ്ഥാപനത്തിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ അന്തേവാസികൾക്ക് സർക്കാർ വകുപ്പുകളോ സംഘടനകളോ ഭക്ഷണമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഫോൺ- 9656574832.