ഇടുക്കി: ഇടുക്കി വെള്ളിയാമുറ്റത്തുണ്ടായ കാറപകടത്തിൽ മരിച്ചത് കാൽനട യാത്രക്കാരനായ മാമൂട്ടിൽ മീദ്. പെരിന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനായിരുന്ന ഹമീദിനെ ഇടിക്കുക ആയിരുന്നു. സംഭവത്തിൽ നാലു പേർക്കു പരുക്കേറ്റു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ മൂസ, ഹസൻ, കദീജ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പകൽ ഒരു മണിയോടെ ഇറുക്കുപാലത്തിനു സമീപമായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഈ സമയം തോട്ടിൽ കുളിക്കാനെത്തിയ ഷരീഫ ഷംസുദ്ദീൻ നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധുവീട്ടിൽ വന്ന പെരിന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ച കാർ പതിക്കാമല റോഡിൽ നിന്ന് ഇറുക്കുപാലത്തേക്കു പോകുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് റോഡിനു സമീപത്തെ ഭിത്തിയിൽ ഇടിച്ച് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഈ സമയം ഇതുവഴി നടന്നു പോകുകയായിരുന്ന ഹമീദിനെ കാർ ഇടിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹലീമയാണ് ഹമീദിന്റെ ഭാര്യ. മക്കൾ മാഹിൻ, സൗമ്യ, സജിനി.