തിരുവനന്തപുരം: വയനാട് ജില്ലയിൽ 18 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.. ഇതോടെ സമ്പൂർണ വാക്‌സിനേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട് മാറി. കോവിഡ് പോസിറ്റീവായവർ, ക്വാറന്റീനിലുള്ളവർ, വാക്സീൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാക്കി എല്ലാവരും തന്നെ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.

6,16,112 പേർക്കാണ് ആദ്യ ഡോസ് നൽകിയത്; 2,13,311 പേരിൽ രണ്ടാം ഡോസും (31.67 ശതമാനം) കുത്തിവെച്ചു കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു. കാടും മലയും താണ്ടിയാണ് ആരോഗ്യ പ്രവർത്തകർ ജില്ലയുടെ ഓരോ മുക്കിലും മൂലയിലും വാക്‌സിൻ എത്തിച്ചത്. ചേരി തിരിവ് ഇല്ലാതെ വാക്സിനേഷനായി വലിയ പ്രവർത്തനമാണ് വയനാട് ജില്ല നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയാറാക്കിയ പ്ലാൻ അനുസരിച്ചാണു വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നത്.

ദുഷ്‌കരമായ പ്രദേശങ്ങളിൽ പോലും വാക്സിനേഷൻ ഉറപ്പാക്കാൻ 28 മൊബൈൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെ വാക്സിനേഷൻ നടത്തി. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സീൻ നൽകാനും ശ്രദ്ധിച്ചു. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി.