കൺമുന്നിൽ അമ്മ പിടഞ്ഞു വീണ് മരിച്ചപ്പോൾ കാഴ്ചക്കാരിയായി കുട്ടിയാന. ചിന്നക്കനാൽ 301 കോളനിയിൽ വൈദ്യുതാഘാതമേറ്റ് പിടിയാന ചരിഞ്ഞപ്പോൾ രണ്ട് വയസ്സുള്ള മകളാണ് തൊട്ടടുത്ത് നിന്ന് ഈ കാഴ്ചയ്ക്ക് സാക്ഷിയായത്. അമ്മയുടെ പാൽ കുടിക്കേണ്ട പ്രായത്തിൽ അനാഥയായിപ്പോയതിന്റെ സങ്കടത്തിലാണ് ഈ കുരുന്ന്. 45 വയസ്സുള്ള അമ്മയാനയും കുട്ടിയാനയും ഉൾപ്പെടെ ഏഴംഗ സംഘമാണ് വ്യാഴാഴ്ച വൈകിട്ട് 301 കോളനിയിലെത്തിയത്. ഒറ്റയാന്മാരെ ഭയന്ന് വനത്തിനുള്ളിലേക്കു പോകാതെ അതിർത്തികളിൽ ചുറ്റിത്തിരിയുന്ന പിടിയാനക്കൂട്ടമാണിത്.

അമ്മയാന ഷോക്കേറ്റ് വീണപ്പോൾ ദൃക്‌സാക്ഷിയായ ഈ കുട്ടിയാന പിടഞ്ഞു വീണ അമ്മയാനയുടെ സമീപത്തേക്ക് പോകാൻ കൂട്ടത്തിലെ മുതിർന്ന ആനകൾ കുട്ടിയാനയെ അനുവദിച്ചില്ല. തുമ്പിക്കൈകൾ കൊണ്ട് തട്ടിയും തലോടിയും അവർ കുട്ടിയാനയെ ആനയിറങ്കൽ ജലാശയത്തിനു സമീപത്തേക്ക് കൊണ്ടു പോയി. ഇന്നലെ രാവിലെ അമ്മയാനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോഴും അധികം ദൂരത്തല്ലാതെ കുട്ടിയാനയും കൂടെയുള്ളവരും നിലയുറപ്പിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം അമ്മയാനയുടെ ജഡം അഗ്‌നി വിഴുങ്ങുന്നതും വേദനയോടെ അവൾ കണ്ടു നിന്നു.

വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സ്ഥാപിച്ച സോളർ ഫെൻസിങാണ് അപകടം വിതച്ചത്. 20 വോൾട്ട് ഡി സി വൈദ്യുതി പ്രവഹിക്കുന്ന സോളർ ഫെൻസിങ്ങിൽ കാട്ടാനകൾ സ്പർശിച്ചാൽ ചെറിയ സമയത്തേക്ക് മാത്രം വൈദ്യുതാഘാതമേൽക്കും. അതോടെ ആനകൾ പിന്മാറുകയാണ് പതിവ്. എന്നാൽ301 കോളനിയിൽ വൈദ്യുത ലൈനിൽ നിന്നും കേബിൾ ഉപയോഗിച്ച് സോളർ ഫെൻസിങ്ങിലേക്ക് ഉയർന്ന വൈദ്യുത പ്രവാഹം കടത്തി വിട്ടത് അപകടമുണ്ടാക്കി.

ആറ് വയസ്സു വരെയെങ്കിലും കുട്ടിയാനകൾ അമ്മയുടെ മുലപ്പാൽ കുടിക്കും. അത്രയും കാലം അമൃത് പോലെ അമ്മിഞ്ഞപ്പാൽ നുകർന്നാലെ അവയ്ക്കു അതിജീവനം സാധ്യമാകൂ. ഈ കുട്ടിയാന മറ്റുള്ളവർക്കൊപ്പം ചേർന്ന് പുല്ല് തിന്നുകയും ജലാശയത്തിലെ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവരെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിജീവനം ബുദ്ധിമുട്ടായാൽ ആനക്കുട്ടിയെ സംഘത്തിൽ നിന്നുമകറ്റി സംരക്ഷണമൊരുക്കേണ്ടി വരും.