പാലാ: അഹിംസയിലൂന്നിയ ഗാന്ധിയൻ ചിന്തകൾക്കു ആധുനിക യുഗത്തിൽ പ്രസക്തി വർദ്ധിച്ചതായി പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ജീവിതകഥയെ ആസ്പദമാക്കി കൃഷ്ണ ഇൻഫോടെക് തയ്യാറാക്കിയ 'മൈ ഡിയർ ബാപ്പുജി' എന്ന ആനിമേഷൻ സിനിമയുടെ പുറത്തിറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി കാണിച്ച പാത മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനു പ്രചോദനമാണ്. ഗാന്ധിജിയുടെ തത്വങ്ങൾ മാനവികതയെ സംരക്ഷിക്കാനുള്ള മാർഗ്ഗദർശനങ്ങളാണെന്ന് മാർ മുരിക്കൻ പറഞ്ഞു.

ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായ സേവനപ്രവത്തനങ്ങളിൽ യുവജനത കർമ്മനിരതരാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആനിമേഷൻ സിനിമയുടെ നിർമ്മാതാവ് കൊച്ചിയിലെ കൃഷ്ണ ഇൻഫോടെക് മാനേജിങ് ഡയറക്ടർ പി കെ രതീഷിനെ മാണി സി കാപ്പൻ എം എൽ എ ചടങ്ങിൽ ആദരിച്ചു. പഴയ തലമുറ സ്വാതന്ത്ര്യത്തിനായി ചെയ്ത ത്യാഗങ്ങൾ വിസ്മരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, പി കെ രതീഷ്, മനോജ് വി ടി എന്നിവർ പ്രസംഗിച്ചു.

ഡിജി ക്ലാസ് യൂ ട്യൂബ് ചാനലിലൂടെ 'മൈ ഡിയർ ബാപ്പൂജി' എന്ന ആനിമേഷൻ സിനിമ കാണാനാകും. ഏ കെ സൈബർ സംവീധാനം നിർവ്വഹിച്ച ഈ സിനിമയ്ക്ക് 41 മിനിറ്റ് ദൈർഘ്യമുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥി സമൂഹത്തിന് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചു മനസിലാക്കാൻവേണ്ടിയാണ് ചിത്രം യൂട്യൂബിലൂടെ ലഭ്യമാക്കുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, നിർമ്മാതാവ് പി കെ രതീഷ് എന്നിവർ അറിയിച്ചു.

കുട്ടികളെ ആകർഷിക്കും വിധം തയ്യാറാക്കിയിട്ടുള്ള സിനിമയിൽ ഗാന്ധിജിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളിൽ പ്രസക്തമായവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സുഭാഷ്ചന്ദ്രബോസ്, ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര നേതാക്കളുടെയും മുൻ രാഷ്ട്രപതിമാരായ കെ ആർ നാരായണൻ, ഏ പി ജെ അബ്ദുൾകലാം എന്നിവരുടെയും ജീവചരിത്രം ആനിമേഷൻ ചിത്രങ്ങളായി പുറത്തിറക്കാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്.