കൊട്ടിയം: അവശനിലയിൽ ഭർത്താവ് ആശുപത്രിയിലെത്തിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മൈലാപ്പൂര് പള്ളി ജങ്ഷനടുത്ത് തൊടിയിൽ പുത്തൻവീട്ടിൽ ബിലാൽ ഹൗസിൽ സുമയ്യ(നിഷാന-29)യാണ് മരിച്ചത്. സംശയത്തെത്തുടർന്ന് ഭർത്താവ് നിസാമി(39)നെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

വഴക്കിനിടെ ഭർത്താവ് സുമയ്യയെ കഴുത്തിൽ ഷാൾകുരുക്കി ശ്വാസംമുട്ടിച്ചു. ഇതോടെയാണ് സുമയ്യ കുഴഞ്ഞ് വീണതെന്നാണ് പൊലീസ് റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് സുമയ്യയെ വീട്ടിൽ അവശനിലയിൽ കണ്ടത്. വീട്ടുകാർ അടുത്തുള്ള ക്ലിനിക്കിലും സ്വകാര്യ മെഡിക്കൽ കോളേജിലും കൊട്ടിയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ഭർത്താവും ബന്ധുക്കളും ചേർന്നാണ് സുമയ്യയെ ആശുപത്രിയിൽ എത്തിച്ചത്. താൻ കാണുമ്പോൾ സുമയ്യ ബോധരഹിതയായി കിടക്കുകയായിരുന്നെന്നാണ് ഭർത്താവ് ആദ്യം പറഞ്ഞത്. സംശയംതോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ തമ്മിലുണ്ടായ വഴക്കിനിടെ സുമയ്യയെ പിന്നിൽനിന്ന് കഴുത്തിൽ ഷാൾകുരുക്കി ശ്വാസംമുട്ടിച്ചതായാണ് പൊലീസ് പറയുന്നത്. യുവതി അബോധാവസ്ഥയിലായതോടെ ബഹളംെവച്ച് ആളെക്കൂട്ടി ആശുപത്രിയിൽ കൊണ്ടുപോയി.

നിസാമിനെ കൊട്ടിയം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി സുമയ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: മുഹമ്മദ് ബിലാൽ, ബിന്വാമിൻ, അബ്ദുൽ മുഹൈമിൻ. ഉമയനല്ലൂരിൽ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം.