ഭിമുഖത്തിനിടെ അച്ഛനമ്മമാരെ കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനയായി തെന്നിന്ത്യൻ നടി നയൻതാര. തന്റെ അച്ഛൻ കുര്യനെക്കുറിച്ച് പറഞ്ഞപ്പോഴാണ് നയൻതാരയുടെ വാക്കുകൾ കരച്ചിലോളം എത്തിയത്. പുതിയ ചിത്രമായ നെട്രിക്കണ്ണിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയൻതാരയുമായുള്ള അഭിമുഖം.

പത്തു വർഷങ്ങൾക്ക് ശേഷമാണ് നടി ടെലിവിഷൻ ക്യാമറയുടെ മുന്നിൽ അഭിമുഖത്തിനായി എത്തുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമിൽ ദിവ്യദർശിനിയോടാണ് അവർ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നത്. തന്റെ അച്ഛനമ്മമാരെ കുറിച്ചും വിഘ്‌നേശ് ശിവനുമായുള്ള പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞു.. ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാൻ അവസരം ലഭിച്ചാൽ എന്ത് മാറ്റും എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായാണ് അച്ഛന്റെ അസുഖത്തെപ്പറ്റി അവർ പറഞ്ഞത്.

'എന്റെ അച്ഛൻ, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാൻ ഇത് വരെ സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാൻ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവർക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാൻ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോൾ അവർ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കിൽ പോലും ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം കാണും. ഇത്രേയുള്ളൂ അവർക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.' -നയൻതാര പറഞ്ഞു.

'അച്ഛനെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം ഒരു എയർ ഫോഴ്‌സ് ഓഫിസർ ആയിരുന്നു. പന്ത്രണ്ട്-പതിമൂന്നു വർഷങ്ങമായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷനലുമായ ഒരു വിഷയമാണ്.'

'അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടെങ്കിൽ, അധ്വാനിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ, സമയനിഷ്ഠയുണ്ടെങ്കിൽ, എല്ലാം അച്ഛനിൽനിന്നു പകർന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാൻ ആക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേർക്കുമുണ്ട്. പക്ഷേ ജോലിയിൽ അദ്ദേഹം കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.'

'എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ, ജോലിക്കു പോകാൻ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാൾ, പെട്ടെന്ന് രോഗബാധിതനാവുകയാണ്. ഞാൻ സിനിമയിൽ എത്തി രണ്ടു മൂന്ന് വർഷം കഴിഞ്ഞപ്പോൾത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാർ ആണ്. അച്ഛന്റെ അസുഖം മാറി, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്.' നയൻതാര പറഞ്ഞു. കഴിഞ്ഞ മാസം വിഘ്‌നേശും നയൻതാരയും കൊച്ചിയിലെത്തി അച്ഛനെ കണ്ടിരുന്നു.

ഇതേ അഭിമുഖത്തിൽ തന്റെ വിവാഹനിശ്ചയം സംബന്ധിച്ച അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചിരുന്നു. വിരലിലെ മോതിരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്‌മെന്റ് റിങ്' എന്നായിരുന്നു നയൻതാരയുടെ മറുപടി.