- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാൻ സൈനികർ ജീവനും കൊണ്ട് രക്ഷപ്പെട്ടത് 22 സൈനികവിമാനങ്ങളിലും 24 ഹെലികോപ്റ്ററുകളിലും; അതിൽ ഒന്ന് വെടിവച്ചിട്ട് ഉസ്ബെക്കിസ്ഥാൻ; തജിക്കിസ്ഥാനിലേക്കും സൈനികരുടെ ഒളിച്ചോട്ടം; നേതാക്കൾ രാഷ്ട്രീയ അഭയം തേടുന്നത് ഇന്ത്യയിൽ; പ്രസിഡന്റ് അമേരിക്കയിലേക്ക് കടക്കുമെന്ന് സൂചന
താഷ്‌കന്റ്: താലിബാനെ ഭയന്ന് അയൽരാജ്യമായ ഉസ്‌ബെക്കിസ്ഥാനിലേക്കു കടന്നതു നൂറുകണക്കിന് അഫ്ഗാൻ സൈനികർ. 22 സൈനികവിമാനങ്ങളിലും 24 ഹെലികോപ്റ്ററുകളിലുമായാണു കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ഉസ്‌ബെക്കിസ്ഥാനിൽ അഭയം തേടിയത്.
അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാൻ വെടിവെച്ചു വീഴ്‌ത്തുകയും ചെയ്തു. ഉസ്ബെക്കിസ്ഥാൻ തെക്കൻ പ്രവിശ്യയിലാണ് സംഭവം. വ്യോമാതിർത്തി ലംഘിച്ചു എന്ന കാരണത്താൽ ഉസ്ബെക്കിസ്ഥാൻ വിമാനം വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. ഇതിന് ശേഷമാണ് സൈനികർ ഉസ്‌ബെക്കിസ്ഥാനിൽ ഇറങ്ങിയത്. അഫ്ഗാൻ അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കാൻ ഉസ്‌ബെക്കിസ്ഥാനും നടപടി തുടങ്ങിയിട്ടുണ്ട്.
അതിനിടെ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ഗ്രൂപ്പ് 7 രാജ്യങ്ങളുടെ വെർച്വൽ സമ്മേളനം നടത്താൻ ആലോചിക്കുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. താലിബാനുമായി നേരിട്ട് ചർച്ചയ്ക്ക് ഉസ്‌ബെക്കിസ്ഥാനും ശ്രമം തുടങ്ങുന്നുണ്ട്. അത് ഉടൻ സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ആ ചർച്ചയിൽ അഫ്ഗാൻ സൈനികരുടെ കാര്യത്തിൽ താലിബാൻ എന്തു നിലപാട് എടുക്കുമെന്നതാണ് നിർണ്ണായകം.
താലിബാൻ അധികാരം പിടിച്ച ഞായറാഴ്ച മാത്രം 158 സൈനികരാണ് അതിർത്തി കടന്നതെന്ന് ഉസ്‌ബെക് പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് അറിയിച്ചു. മറ്റൊരു അയൽരാജ്യമായ തജിക്കിസ്ഥാനിലെ ബോഖ്തർ നഗരത്തിൽ 100 സൈനികരുമായി അഫ്ഗാൻ സൈനികവിമാനം ഇന്നലെ ഇറങ്ങി. ഇതിനിടെയാണ് വിമാനം ഉസ്‌ബെക് അധികൃതർ വെടിവച്ചു വീഴ്‌ത്തിയതും.
വിമാനത്തിലുണ്ടായിരുന്ന രണ്ട് അഫ്ഗാൻ സൈനികർ വിമാനം തകരാർ ആകുന്നതിനുമുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായി ആണ് റിപ്പോർട്ട്. അതെ സമയം അഫ്ഗാൻ യൂണിഫോം ധാരികളായ രണ്ട് സൈനികർ ഉസ്ബെക്കിസ്ഥാൻ തെക്കൻ പ്രവിശ്യയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു എന്നും വാർത്തകൾ പുറത്തുവരുന്നു.
വിമാനം അതിർത്തി കടന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് കടന്നതിന് ശേഷം തകർന്നുവെന്ന് ഉസ്‌ബെക്ക് പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എത്രപേർ വിമാനത്തിൽ ഉണ്ടായിരുന്നെന്നോ അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടെന്നോ ഒന്നും ആരും വ്യക്തമാക്കിയില്ല.
അതേസമയം, റഷ്യയുടെ ആർ.ഐ.എ വാർത്താ ഏജൻസി പൈലറ്റ് വിമാനത്തിൽ നിന്നും പുറത്ത് കടന്നതായും പരിക്കേറ്റതായും ഉസ്‌ബെക്കിസ്ഥാന്റെ പ്രതിരേധ മാന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അതേസമയം, അതിർത്തികടന്ന 84 അഫ്ഗാൻ സൈനികർ പിടിക്കപ്പെട്ടതായും അവർക്ക് വെദ്യസഹായം നൽകിയതായും ഉസ്‌ബെക്കിസ്ഥാൻ ഞായറാഴ്ച വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈയിലായതോടെ ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടുകയാണ് മുതിർന്ന നേതാക്കളും പാർലമെന്റ് അംഗങ്ങളും. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനിയടക്കം രാജ്യംവിട്ടിരുന്നു. താജിക്കിസ്ഥാനിലേക്കു പോയ അദ്ദേഹത്തിന് അവിടെ പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ഒമാനിൽ ഇറങ്ങിയിരുന്നു. അവിടെനിന്നു യു.എസിലേക്കു പോകുമെന്നാണു സൂചന.
അഭയാർഥികൾക്കായി പല രാജ്യങ്ങളും തങ്ങളുടെ അതിർത്തി തുറന്നിട്ടുമുണ്ട്. ഇതിനിടെയാണ് പല പ്രമുഖരും ഇന്ത്യയിലെത്തിയത്. എംപിമാരായ വഹിദുള്ള കലിംസായ്, അബ്ദുൾ അസിസ് ഹക്കിമി, അബ്ദുൾ ഖാദിർ സസായ്, ഷുഖ്രിയ ഇസാഖെയ്ൽ, സെനറ്റർ മലീം ലാല ഗുൽ, മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ ബന്ധുവും മുൻ എംപിയുമായ ജമീൽ കർസായ്, മുൻ ധനമന്ത്രി അബ്ദുൾ ഹാദി അർഘാൻദിവാൽ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തി.
മറുനാടന് മലയാളി ബ്യൂറോ