തിരുവനന്തപുരം: സംസ്ഥാനത്തു സാമൂഹികക്ഷേമ, ക്ഷേമനിധി പെൻഷനുകൾ ലഭിക്കാത്തവർക്ക് 1000 രൂപ സഹായം നൽകുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 14,78,236 കുടുംബങ്ങൾക്ക് സഹായം ലഭിക്കും. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണു സഹായം. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്റ്റ്രാർമാർ തയാറാക്കും. ഗുണഭോക്താവിന് ആധാർ കാർഡോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.

ആധാരമെഴുത്തുകാരുടെ ഉത്സവബത്ത വർധിപ്പിച്ചു
സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെൻഡർമാരുടെയും ഉത്സവബത്ത ആയിരം രൂപ വർധിപ്പിച്ചു. കഴിഞ്ഞ വർഷം 2000 രൂപയായിരുന്നു. ഇതിനു പുറമേ, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നൽകും. ജൂലൈ മാസത്തിൽ നൽകിയ പ്രത്യേക ധനസഹായത്തിനു പുറമേയാണിത്. ഓണക്കാല അവധികൾ ആരംഭിക്കുന്നതിനു മുൻപ് ഉത്സവബത്തയുടെയും അധിക ധനസഹായത്തിന്റെയും വിതരണം പൂർത്തിയാക്കാൻ മന്ത്രി വാസവൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

75 ദിവസം തൊഴിലുറപ്പ് ജോലി ചെയ്തവർക്ക് 1000 ഉത്സവബത്ത
തിരുവനന്തപുരംന്മ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 75 ദിവസം തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവർക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവ് ഇറക്കിയതായി മന്ത്രി എം വിഗോവിന്ദൻ അറിയിച്ചു. 7,35,130 കുടുംബങ്ങൾക്കു സഹായമേകാനാകും. ഇതിനായി 73.51 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി ഉത്സവബത്ത വിതരണം ചെയ്യാമെന്നും മന്ത്രി അറിയിച്ചു.