മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതകരോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് സംഭാവന ലഭിച്ച തുകയിൽനിന്ന് എട്ടരക്കോടി വീതം രണ്ട് പേർക്ക് നൽകും. ഇതേ രോഗാവസ്ഥയിലുള്ള ചാരപ്പടവിലെ കാസിം, ലക്ഷദ്വീപിലെ ഇശൽ മറിയം എന്നീ കുട്ടികൾക്ക് എട്ടരക്കോടി രൂപവീതം നൽകാനാണ് ചികിത്സാസഹായ കമ്മിറ്റിയുടെ തീരുമാനം.

മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടിയാണ് വേണ്ടിയിരുന്നത്. 46.78 കോടി രൂപ ലഭിച്ചിരുന്നു. മുഹമ്മദിനുംസമാന അസുഖമുള്ള സഹോദരി അഫ്രയ്ക്കും പ്രതീക്ഷിക്കുന്ന ചികിത്സാച്ചെലവിന്റെ തുക കഴിച്ചുള്ളതാണ് മറ്റ് രണ്ട് കുട്ടികൾക്കായി നൽകുന്നത്.

ചികിത്സാച്ചെലവിനുശേഷം ബാക്കി വരുന്ന തുക സർക്കാരുമായി ആലോചിച്ച് കൈമാറാനായിരുന്നു കമ്മിറ്റിയുടെ ആദ്യ തീരുമാനം. ഇതിന് കാലതാമസം നേരിടുന്നതിനാലും രോഗം ബാധിച്ച മറ്റ് രണ്ട് കുട്ടികളുടെയും ആരോഗ്യനില മോശമാകുന്നത് പരിഗണിച്ചുമാണ് പുതിയ തീരുമാനം.

ഇതിനിടെ മുഹമ്മദിന്റെ മറ്റെല്ലാ പരിശോധനകളും പൂർത്തിയായി. മരുന്നെത്തിയ ഉടനെ ചികിത്സ തുടങ്ങാനാണ് തീരുമാനം. ഒരാഴ്ചയ്ക്കകം മരുന്ന് നാട്ടിലെത്തുമെന്നുള്ള പ്രതീക്ഷയിലാണ് കുടുംബവും ആശുപത്രി അധികൃതരും.