ജിദ്ദ: കോവിഡ് പ്രതിസന്ധി കാരണം അവധിയിൽ നാട്ടിൽ പോയി തിരിച്ചു വരാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നോർക്ക വഴി പലിശ രഹിത വായ്പ അനുവദിക്കണമെന്ന് വാഫി- വഫിയ്യ ജിദ്ദ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സഊദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച താമസിക്കാനും കോവിഡ് ടെസ്റ്റ്, ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വരുന്ന ഭീമമമായ സംഖ്യ ബഹു ഭൂരിഭാഗം പ്രവാസികൾക്കും താങ്ങാൻ കഴിയാത്തതാണെന്നും യോഗം ചൂണ്ടിക്കട്ടി. ഇക്കാരണത്താൽ പലരും പ്രവാസം അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയാണെന്നും ഇത് നാട്ടിലെ തൊഴിലില്ലായ്മ വർധിപ്പിക്കാനും അത് വഴി സാമ്പത്തിക പ്രതിസന്ധിക്കും കാരണമാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ പ്രവാസികൾ കൂടുതലുള്ള സഊദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനുള്ള നയതന്ത്ര ശ്രമം തുടരണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഷറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. സാലിം ഹൈതമി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുറഹ്‌മാൻ ഹാജി പുളിക്കൽ, ഹസ്സൻ കോയ പെരുമണ്ണ, സാലിം അമ്മിനിക്കാട്, മുഹമ്മദ് കല്ലിങ്ങൽ, മുഹമ്മദ് ഈസ കാളികാവ്, സലീം കരിപ്പോൾ, മുഹമ്മദ് ഓമശ്ശേരി, സിദ്ധീഖ്, അബ്ദുൽ അസീസ് കാളികാവ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി ദിൽഷാദ് കാടാമ്പുഴ സ്വാഗതവും കുഞ്ഞാലി കുമ്മാളിൽ നന്ദിയും പറഞ്ഞു.