ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ സ്ഥാനപതി രുദേന്ദ്ര ടണ്ഡൻ അടക്കം 150 പേരെ സാഹസികമായ രക്ഷാദൗത്യത്തിലൂടെ വ്യോമസേന ഇന്ത്യയിലെത്തിച്ചതോടെ പ്രതിസന്ധിയിലായത് മലയാളികൾ അടക്കമുള്ള മറ്റ് ഇന്ത്യാക്കാർ. കാബൂളിൽ വീട്ടിൽനിന്നു പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നത് ഇരുന്നൂറോളം മലയാളികളാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെ കുടുങ്ങിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ചിട്ടുണ്ട്. ഇതോടെ കുടുങ്ങി കിടക്കുന്നവർക്ക് ബന്ധപ്പെടാനും ആരുമില്ലാത്ത അവസ്ഥ വന്നു. മലയാളികളടക്കം മറ്റ് ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് കേന്ദ്ര സർക്കാരിന് അറിയാം. യാത്രാവിമാനങ്ങൾ സർവീസ് ആരംഭിച്ചാലുടൻ ഇവരെയും എത്തിക്കുമെന്ന് തിരിച്ചെത്തിയ സ്ഥാനപതി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്‌ലൈൻ നമ്പറുകൾ: +91-11-49016783, +91-11-49016784, +91-11-49016785. വാട്‌സാപ്: +91-8010611290

അതിസാഹസികമായാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ നാട്ടിൽ എത്തിച്ചത്. 30 നയതന്ത്ര ഉദ്യോഗസ്ഥർ, എംബസിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന 99 ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കമാൻഡോകൾ, 4 മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 സാധാരണ പൗരന്മാർ എന്നിവരെയാണ് ഇന്നലെ വ്യോമസേനാ വിമാനത്തിൽ തിരിച്ചെത്തിച്ചത്. തിങ്കളാഴ്ച 40 പേരെ നാട്ടിലെത്തിച്ചിരുന്നു.

അഫ്ഗാനിൽ കുടുങ്ങിയ മലയാളികൾക്ക് നേരത്തെ തന്നെ എംബസിയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചെക്‌പോസ്റ്റുകൾ താലിബാൻ നിയന്ത്രണത്തിലാണ്. വിമാനം അനുവദിച്ചാലും ചെക്‌പോസ്റ്റുകൾ കടക്കാൻ ഭയമാണ്. വിമാനത്താവളത്തിലേക്ക് പോകാൻ ഇന്ത്യൻ സർക്കാർ സുരക്ഷ നൽകണമെന്നും കുടുങ്ങി കിടക്കുന്നവർ ആവശ്യപ്പെടുന്നു.

'ഏതു ഫ്‌ളൈറ്റ് ലഭിച്ചാലും മടങ്ങിവരാൻ തയാറാണ്. പക്ഷേ അതല്ല വിഷയം. 5 മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്ത് എത്താൻ 5 മണിക്കൂറെടുക്കുന്നു. പുറത്തിറങ്ങാൻ എല്ലാവർക്കും ഭയമാണ്. എല്ലാവരും വീട്ടിൽ അടച്ചിരിക്കുന്നു. പാക്കിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളുടെ എംബസികൾ ഒഴികെ മറ്റെല്ലാവരും രാജ്യം വിടുകയാണ്. 200-270 മലയാളികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു കരുതുന്നത്'-അഫ്ഗാനിൽ കുടുങ്ങിയ മലയാളി പറയുന്നു.

അധികാരമാറ്റത്തിലൂടെ ജയിൽമോചിതരായവരിൽ, ഐഎസ് ഭീകരരെ വിവാഹം ചെയ്ത മലയാളി യുവതികൾ ഉണ്ടെന്നു റിപ്പോർട്ട്. ഇന്ത്യയുടെ ഭീകരവിരുദ്ധരഹസ്യാന്വേഷണ ഏജൻസികൾക്ക് ഇതുസംബന്ധിച്ച സൂചന ലഭിച്ചു. ഇവർ എവിടെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കേരളത്തിൽ നിന്നു മാത്രം 8 പേർ ജയിൽമോചിതരായെന്നാണു വിവരം. നിമിഷാ ഫാത്തിമ അടക്കമുള്ളവർ ഇതിലുണ്ട്.