ലണ്ടൻ: താലിബാൻ ഭീകരരുടെ പിടിയിലായ അഫ്ഗാനിസ്ഥാനിൽ നിന്നും ബ്രിട്ടീഷ് പൗരന്മാരേയും വഹിച്ചുകൊണ്ട് ആദ്യവിമാനം ഇന്നലെ ബ്രിട്ടണിലെ ബ്രൈസ് നോർട്ടണിൽ ഇറങ്ങി.

ഓക്സ്ഫാാർഡ് ഷയറിലെ പട്ടാള മൈതാനത്തിറങ്ങിയ റോയൽ എയർഫോഴ്സ് വിമാനത്തിൽ ബ്രിട്ടീഷ് പൗരന്മാർക്കൊപ്പം ചില അഫ്ഗാൻ അഭയാർത്ഥികളും ഉണ്ടായിരുന്നു. 25,000 അഫ്ഗാൻ അഭയാർത്ഥികൾക്ക് അഭയം നൽകുമെന്നാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിട്ടുള്ളത്.

കാബൂളിലെ ബ്രിട്ടീഷ് എംബസിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ദ്വിഭാഷികൾ ഉൾപ്പടെയുള്ളവർക്കും അതുപോലെ വിവിധ ബ്രിട്ടീഷ് സംഘടനകൾ നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരായി പ്രവർത്തിച്ചവർക്കും ആയിരിക്കും ഇക്കാര്യത്തിൽ മുൻഗണന നൽകുക. ഇവർ താലിബാനിൽ നിന്നും ഭീഷണി നേരിടുന്നു എന്നതാണ് അതിനു കാരണം. നിരവധി ഇംഗ്ലീഷ് അദ്ധ്യാപകരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

അതേസമയം, ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡണ്ടുമായി ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. നീണ്ട 20 വർഷക്കാലം കൊണ്ട് നേടാനായതൊന്നും കേവലം ഒരു ദിവസം കൊണ്ട് നഷ്ടപ്പെടാൻ അനുവദിക്കരുതെന്ന് ബോറിസ് ജോൺസൺ പറഞ്ഞതായി അറിയുന്നു. ബ്രിട്ടീഷ്- അമേരിക്കൻ മാധ്യമങ്ങളിൽ, അഫ്ഗാൻ വിടാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന ഘട്ടത്തിലായിരുന്നു ഈ ചർച്ച എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

അതിനിടയിൽ, വിവിധ എംബസികളിലും മറ്റും ദ്വിഭാഷികളായും മറ്റു വിധത്തിലും വിദേശരാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഒരുകൂട്ടം ആളുകളുടെ ഭീതിദമായ ഒരു സന്ദേശം ഒരു ബ്രിട്ടീഷ് മാധ്യമം പുറത്തുവിട്ടു. പെൺകുട്ടികൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുമൊത്ത് വിമാനത്താവളത്തിനരികെ ഒരിടത്ത് ഒളിച്ചിരിക്കുകയാണെന്നും വിമാനത്താവളത്തിൽ എത്താൻ കഴിയുന്നില്ലെന്നുമായിരുന്നു ഈ സന്ദേശം. താലിബാൻ ഭീകരരുടെ കൈയിൽ കിട്ടിയാൽ തങ്ങൾ വധിക്കപ്പെടുമെന്നും പെൺകുട്ടികളെ അവർ അടിമകളാക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

ഇന്നലെ കാബൂളിലെ ബ്രിട്ടീഷ് എംബസിയിൽ നിന്നും 370 ജീവനക്കാരാണ് സുരക്ഷിതരായി ബ്രിട്ടനിൽ എത്തിച്ചേർന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാനികളും ഉൾപ്പടെ 350 പേരെ കൂടി ബ്രിട്ടനിലെത്തിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, ഒഴിപ്പിക്കലിന്റെ വേഗത ഇനിയും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമായി ,മാറിയിരിക്കുകയാണ്. ഇപ്പോൾ തന്നെ കാബൂൾ വിമാനത്താവളത്തിനു ചുറ്റുമുള്ള ഇടങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായതോടെ അവിടെയ്ക്കുള്ള പ്രവേശനം ഭീകരർ കർശനമായി നിയന്ത്രിക്കുകയാണ്.