- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർച്ചിനുശേഷം ഏറ്റവും കൂടുതൽ പേർ മരിച്ച ദിവസമായി ബ്രിട്ടണിൽ ചൊവ്വാഴ്ച; ഇന്നലെ മാത്രം യു കെയിൽ കോവിഡിനു കീഴടങ്ങിയത് 170 പേർ

രോഗവ്യാപന തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്ക് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തി. 170 പേരാണ് ഇന്നലെ കോവിഡിനു കീഴടങ്ങി മരണത്തെ വരിച്ചത്. മാർച്ച് 12 ന് 175 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണനിരകാണിത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 16.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
സാധാരണ വാരാന്ത്യങ്ങളിൽ ജോലികൾ മന്ദഗതിയിൽ നടക്കുന്നതിനാൽ, ചൊവ്വാഴ്‌ച്ച ദിവസം മരണസംഖ്യയിൽ അഭൂത പൂർവ്വമായ വർദ്ധനവ് കാണപ്പെടാറുണ്ട്. എന്നിരുന്നാലും ഇത്രയധികം വർദ്ധനവ് തീർച്ചയായും ആശങ്ക ഉണർത്തുന്നതുതന്നെയാണ്. അതേസമയം, കോവിഡ് വ്യാപനത്തിന്റെ കൂടുതൽ വിശ്വാസയോഗ്യമായ നിഗമനത്തിനുതകുന്ന പ്രതിവാര ശരാശരി കഴിഞ്ഞ രണ്ടു ആഴ്‌ച്ചകളായി കാര്യമായ വർദ്ധനവില്ലാതെ പോകുന്നത് നേരിയ ആശ്വാസവും നൽക്കുന്നുണ്ട്.
അതുപോലെ മരണനിരക്കിന്റെയും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിന്റെയും പ്രതിവാര ശരാശരിയിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നില്ല. ആഴ്‌ച്ചയിൽ 2.4 ശതമാനം മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്ന വർദ്ധനവ്. അതേസമയം ഇംഗ്ലണ്ടിലും വെയ്ൽസിലും ഓഗസ്റ്റ് ആരംഭം മുതൽ ഉണ്ടായ മരണങ്ങളിൽ ഇരുപതിൽ ഒന്ന് കോവിഡ് മൂലമാണെന്ന പുതിയ പഠന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അഞ്ചു വയസ്സിനും ഒമ്പത് വയസ്സിനും ഇടയിലുള്ള ഒരു കുട്ടിയും കേവലം ഒരു വയസ്സുമാത്രം പ്രായമായ ഒരു കുഞ്ഞും ഇക്കാലയളവിൽ കോവിഡ് ബാധിച്ചു മരിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കോവിഡ് വ്യാപനം തടയുവാനായി രൂപകല്പന ചെയ്ത എൻ എച്ച് എസിന്റെ കോവിഡ് ആപ്പ് അനാവശ്യമായി പലരേയും സെൽഫ് ഐസൊലേഷന് നിർബന്ധിതമാക്കുന്നു എന്ന ആരോപണത്തിന് ശക്തി കൂടി. ഇത്തരത്തിൽ പലരും സെൽഫ് ഐസൊലേഷനിൽ പോകേണ്ടി വന്നത് സൂപ്പർമാർക്കറ്റ് ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇനിയുള്ള ലോകത്ത് കോവിഡില്ലാതെ ജീവിക്കാമെന്നത് കേവലം ഒരു ആഗ്രഹം മാത്രമായി മാറുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പുതിയ വെളിപ്പെടുത്തൽ. ഇതെന്നും ഇനി നമ്മോടൊപ്പമുണ്ടാകും. ഉയർന്നും താഴ്ന്നും ഈ തരംഗം ഇവിടെത്തന്നെ അലയടിച്ചുകൊണ്ടിരിക്കും. കരുതലുകളും വാക്സിനുമൊക്കെയായി നമുക്കതിനെ പരമാവധി പ്രതിരോധിക്കാം എന്നല്ലാതെ തീർത്തും ഒഴിവാക്കാൻ ആകില്ലെന്നാണ് അവർ പറയുന്നത്.

