നുഷ്യർ അപകടത്തിൽ പെടുന്ന സന്ദർഭങ്ങളിൽ ഈശ്വരൻ പലരൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് പറയാറുള്ളത്. അമേരിക്കയിലെ പടിഞ്ഞാറൻ മേഖലയിലുള്ള സംസ്ഥാനമായ യുറ്റായിലെ ഒരു സൂ കീപ്പർക്ക് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടത് ഒരു സന്ദർശകന്റെ രൂപത്തിലായിരുന്നു. തന്നെ കടിച്ചെടുത്തുകൊണ്ട് വെള്ളത്തിലേക്കിറഞ്ഞിയ മുതലയുടെ വായിൽ നിന്നും ജീവൻ പണയംവച്ച് ഒരു സന്ദർശകൻ അവരെ രക്ഷപ്പെടുത്തുന്ന കാഴ്‌ച്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഒരു ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയവർക്ക് മുന്നിൽ മുതലകളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പേരുവെളിപ്പെടുത്താത്ത മൃഗശാല സൂക്ഷിപ്പുകാരിയെ മുതല കടിച്ചത്. അവരുടേ കൈകളിൽ കടിച്ച് അവരെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. കാണികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഡോണീ വൈസ്മാൻ എന്ന 48 കാരനാണ് വെള്ളത്തിലേക്ക് ചാടി അതിസാഹസികമായി ആ യുവതിയെ രക്ഷിച്ചത്.

സന്ദർശകരുമായി സംസാരിക്കുന്നതിനിടയിൽ മുതലയ്ക്ക് ഭക്ഷണം നൽകുവാനായി സൂക്ഷിപ്പുകാരി വാതിൽ തുറന്നപ്പോഴാണ് അത്യാഹിതം സംഭവിച്ചതെന്നാണ് മൃഗശാലയുടെ ഉടമസ്ഥനായ ഷെയ്ൻ റിച്ചിൻസ് പറയുന്നത്. ഇത്തരത്തിൽ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് മറ്റൊരു സൂക്ഷിപ്പുകാരൻ കൂടി സമീപത്ത് ഉണ്ടാകണമെന്നത് മൃഗശാല പിന്തുടർന്നു വന്നിരുന്ന നയമായിരുന്നു എന്നുപറഞ്ഞ റിച്ചിൻസ് പക്ഷെ അടുത്തകാലത്തായി അത് പാലിക്കപ്പെടാറില്ലെന്നുംസമ്മതിച്ചു.

ഈ സംഭവത്തിന്റെ വെളിച്ചത്തിൽ വരുംകാലങ്ങളിൽ ഈ നയം കർശനമായി നടപ്പാക്കുമെന്നും റിച്ചിൻസ് അറിയിച്ചു. അതുപോലെ മൃഗശാലയിലെ ജന്തുക്കളുമായുള്ള എല്ലാ ഇടപെടലുകളിലും കർശനമായ സുരക്ഷാ നിയമങ്ങൾ പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൂക്ഷിപ്പുകാരിയെ കടിച്ചെടുത്തതിനു ശേഷം അവരെ തന്റെ പല്ലുകൾക്കിടയിൽപിടിച്ചു വച്ചിരിക്കുകയായിരുന്നു മുതല. അപ്പോഴാണ് വൈസ്മാൻ എന്ന സന്ദർശകൻ അവരെ രക്ഷിക്കാനായി എടുത്തു ചാടിയത്.

താൻ ആ സമയത്ത് പ്രവർത്തിക്കേണ്ടതെന്താണോ അത് ചെയ്തു എന്നാണ് വൈസ്മാൻ പറയുന്നത്. സിനിമകളിലും ഡോക്യൂമെന്ററികളിലും കണ്ടിട്ടുള്ളതുപോലെ താൻ മുതലയുടെ മുകളിലേക്ക് ചാടുകയായിരുന്നു എന്നും അയാൾ പറഞ്ഞു. അടുത്തുണ്ടായിരുന്ന മറ്റൊരു സന്ദർശകൻ അവിടെയുണ്ടായിരുന്ന കുട്ടികളെ മുഴുവൻ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. എല്ലാകുട്ടികളും ആറോ അതിൽ കുറവ് പ്രായമുള്ളവരോ ആയിരുന്നു.

മുതലയെ പിടിയിലൊതുക്കിയ വൈസ്മാൻ അടുത്തുനിന്ന മറ്റൊരാൾക്ക് സൂക്ഷിപ്പുകാരിയെ രക്ഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ സമയമത്രയും തികച്ചും ശാന്തനായിട്ടായിരുന്നു വൈസ്മാൻ പ്രവർത്തിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു. യുവതിയെ മുതലയുടെ വായിൽ നിന്നും ഊരി എടുക്കുന്നതുവരെ വൈസ്മാൻ അതിന്റെ മുകളിൽ തന്നെ തുടർന്നു. അത്രവലിയ മുതല അല്ലാത്തതിനാൽ താൻ രക്ഷപ്പെട്ടു എന്നാണ് ഈ സംഭവത്തിനു ശേഷം ചിരിച്ചുകൊണ്ട് വൈസ്മാൻ പ്രതികരിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതിയുടെ നില മെച്ചപ്പെട്ടുവരുന്നതായി മൃഗശാല ഉടമ അറിയിച്ചു.