കോവിഡ് മുക്ത ലോകം എന്നത് മനോഹരമായ നടക്കാത്ത സ്വപ്നം മാത്രമാണെന്ന് ശാസ്ത്രലോകം വിലയിരുത്തിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനെ പരമാവധി പ്രതിരോധിക്കുക മാത്രമാണ് ഇപ്പോൾ ലോകത്തിനു മുൻപിലുള്ള ഏകമാർഗ്ഗം. രോഗം നേരത്തേ കണ്ടുപിടിക്കുക എന്നത് രോഗം മൂർച്ചിക്കുന്നതിൽ നിന്നും തടയുവാൻ ഏറെ സഹായകരമാവും. ഇപ്പോളിതാ പെട്ടെന്ന്, വളരെ ലളിതമായി കോവിഡ് രോഗം കണ്ടെത്താനുള്ള ഒരു സംവിധാനം യൂണിവേഴ്സിറ്റിഓഫ് ബിർമ്മിങ്ഹാം വികസിപ്പിച്ചിരിക്കുന്നു.

ലാറ്ററൽ ഫ്ളോ പരിശോധനയേക്കാൾ വേഗത്തിൽ ഫലം ലഭ്യമാക്കുന്ന ഈ പരിശോധനയിൽ പി സി ആർ പരിശോധനയേക്കാൾ കൃത്യതയ്യാർന്ന ഫലം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും മൂന്നു മിനിറ്റിനുള്ളിൽ തന്നെ പരിശോധനാഫലം നൽകുന്ന ഒരു ഉപകരണമാണ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള പരിശോധനാ സംവിധാനങ്ങളിൽ ഏറ്റവും വേഗത്തിൽ ഫലം ലഭ്യമാക്കുന്നത് റാപിഡ് ലാറ്ററൽ ഫ്ളോ ടെസ്റ്റാണ്. അര മണീക്കൂരിനുള്ളിൽ ഈ പരിശോധനയുടെ ഫലം ലഭ്യമാകും. എന്നാൽ,. ഫലം അത്ര വിശ്വാസയോഗ്യമല്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ വിദേശ യാത്രകൾക്ക് ഈ പരിശോധനഫലം അംഗീകൃത ഫലമായി കണക്കാക്കാറില്ല.

ആർ ടി എഫ്- എക്സ്പാർ എന്നറിയപ്പെടുന്ന ഈ പുതിയ പരിശോധനാ സമ്പ്രദായ്ത്തിൽ ഫലം പി സി ആർ ടെസ്റ്റിനോളം തന്നെ വിശ്വാസയോഗ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നടത്തിയ പരീക്ഷണങ്ങളിൽ പത്തിൽ ഒമ്പതിലും കൃത്യമായ പരിശോധന ഫലം ലഭിച്ചതായി ഗവേഷകർ അവകാശപ്പെടുന്നു. ഫലം ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട പരിശോധനകളിൽ പി സി ആർ ടെസ്റ്റിൽ 42 മിനിറ്റിൽ ഫലം ലഭ്യമാകുമ്പോൾ പുതിയ സംവിധാനം പരമാവധി അതിനായി എടുത്തത് 8 മിനിറ്റുകൾ മാത്രമായിരുന്നു.

സാമ്പിളുകൾ ലാബിലേക്ക് അയയ്ക്കുന്നതിനുള്ള സമയം കൂടി കണക്കിലെടുത്താൽ, പി സി ആർ പരിശോധനാഫലം ലഭിക്കുവാൻ ഏകദേശം ഒരു ദിവസം എടുക്കും. പുതിയ പരിശോധനാ ഉപകരണത്തിലേക്ക് തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവങ്ങളുടെ സാമ്പിളുകൾ നിക്ഷേപിച്ചാൽ മിനിറ്റുകൾക്കകം ഫലം അറിയുവാൻ കഴിയും.

വിമാനത്താവളങ്ങളിലും മറ്റും ഉപയോഗിക്കുവാൻ അനുയോജ്യമായ ഈ ഉപകരണം ആറുമാസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാക്കുമെന്നും ഗവേഷകർ അറിയിച്ചു. ഇതിന്റെ വില സംബന്ധിച്ച് കൃത്യമായ വിവരം നൽകിയില്ലെങ്കിലും പി സി ആർ പരിശോധനയേക്കാൾ ചെലവ് കുറവായിരിക്കും എന്നാണ് ഗവേഷകർ പറയുന്നത്.